പ്രേമചന്ദ്രന്റെ നടപടിയിൽ തെറ്റില്ല; പിന്തുണയുമായി ശശി തരൂർ

തിരുവനന്തപുരം: എൻ കെ പ്രേമചന്ദ്രൻ എംപിയ്ക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത എൻ കെ പ്രേമചന്ദ്രനെതിരെ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രേമചന്ദ്രന് പിന്തുണയുമായി ശശി തരൂർ രംഗത്തെത്തിയത്. പ്രധാനമന്ത്രി ക്ഷണിച്ചപ്പോൾ അദ്ദേഹത്തോടൊപ്പമിരുന്ന് ഭക്ഷണം കഴിച്ച പ്രേമചന്ദ്രന്റെ നടപടിയിൽ തെറ്റില്ലെന്ന് ശശി തരൂർ വ്യക്തമാക്കി.

തന്നെ പ്രധാനമന്ത്രി ക്ഷണിച്ചാലും പോകും. 10 കൊല്ലത്തിനിടെ ആദ്യമായാണ് പ്രധാനമന്ത്രി ഇങ്ങനെയൊരു മര്യാദ കാണിക്കുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ച് നൽകിയ വിരുന്നിന്റെ പേരിൽ എൻ കെ പ്രേമചന്ദ്രനെതിരെ വലിയ വിമർശനമാണ് ഉയർന്നത്.

പാർലമെന്റിലെ എട്ട് എപിമാരെയാണ് മോദി ഭക്ഷണത്തിന് കൂടെ കൂട്ടിയത്. യുഡിഎഫ് എംപി എൻകെ പ്രേമചന്ദ്രൻ, ബിജെപി എംപിമാരായ ഹീന ഗാവിത്, എസ് ഫാങ്നോൺ കൊന്യാക്, ജംയാങ് സെറിങ് നങ്യാൽ, എൽ മുരുഗൻ, ടിഡിപി എംപി രാംമോഹൻ നായിഡു, ബിഎസ്പി എംപി റിതേഷ് പാണ്ഡെ, ബിജെഡി എംപി സസ്മിത് പത്ര എന്നിവരെയാണ് പ്രധാനമന്ത്രി ഉച്ചഭക്ഷണത്തിന് ക്ഷണിച്ചത്.