ഡൽഹി-മുംബൈ എക്‌സ്പ്രസ്‌ ദേശീയ പാതയിൽ ഇലക്ട്രിക് ബസ് സർവ്വീസ് ആരംഭിക്കും; നിതിൻ ഗഡ്കരി

ജയ്പൂർ: ഡൽഹി-മുംബൈ എക്‌സ്പ്രസ്‌ ദേശീയ പാതയിൽ ഇലക്ട്രിക് കേബിൾ സ്ഥാപിച്ച് ഇലക്ട്രിക് ബസ് സർവ്വീസ് ആരംഭിക്കും. കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ഈ സർവ്വീസ് ആരംഭിച്ചാൽ ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക് രണ്ട് മണിക്കൂറിനുള്ളിൽ എത്താൻ കഴിയുമെന്ന് അദ്ദേഹം വിശദമാക്കി. ഇലക്ട്രിക് ബസിലെ യാത്രയ്ക്ക് ഡീസൽ ബസിനെക്കാൾ നിരക്ക് കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദയ്പൂരിൽ 2500 കോടിയുടെ 17 റോഡ് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1370 കോടി രൂപ ചെലവ് വരുന്ന 67 കിലോമീറ്റർ നാലുവരി എക്‌സ്പ്രസ്‌ വേ ബാൻഡികുയി മുതൽ ജയ്പൂർ വരെ നിർമ്മിക്കുകയാണ്. ഇവയുടെ നിർമ്മാണം 2024 നവംബറോടെ പൂർത്തിയാകും. അതിന് ശേഷം ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക് രണ്ട് മണിക്കൂറിനുള്ളിൽ എത്താനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2024 അവസാനിക്കുന്നതിന് മുമ്പ് രാജസ്ഥാനിലെ ദേശീയ പാതകൾ അമേരിക്കയിലെ റോഡുകളുടെ നിലവാരത്തിലെത്തിക്കും. രാജസ്ഥാനിൽ കേന്ദ്രസർക്കാർ 60000 കോടി രൂപയുടെ എക്‌സ്പ്രസ്‌ ഹൈവേകൾ നിർമ്മിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.