കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് സ്റ്റേ ചെയ്യണമെന്ന തോമസ് ഐസക്കിന്റെ ആവശ്യത്തിൽ ഇടക്കാല ഉത്തരവ് ഇറക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ എന്താണ് തടസ്സമെന്ന് കോടതി തോമസ് ഐസക്കിനോട് ചോദിച്ചു. ഇന്നായിരുന്നു കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ തോമസ് ഐസക്ക് ഹാജരാകേണ്ടിയിരുന്നത്. എന്നാൽ തോമസ് ഐസക്ക് ഹാജരായിരുന്നില്ല. സമൻസ് ചോദ്യം ചെയ്തുകൊണ്ടുള്ള ഐസക്കിന്റെ ഹർജി കോടതിയുടെ പരിഗണനയ്ക്ക് വന്നെങ്കിലും കോടതി സമൻസ് സ്റ്റേ ചെയ്യാൻ തയ്യാറായില്ല.
എന്തുകൊണ്ട് ഇഡിയുടെ മുമ്പിൽ ഹാജരാകുന്നില്ല എന്ന ചോദ്യമായിരുന്നു ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇഡിയ്ക്ക് മുമ്പിൽ ഹാജരാകുന്നതിൽ എന്താണ് തടസ്സം. അതിൽ നിയമപരമായി എന്ത് തെറ്റാണുള്ളത്. ഇ.ഡിയുടെ മുമ്പിൽ ഹാജരാകാൻ കോടതിയുടെ ഭാഗത്ത് നിന്ന് സംരക്ഷണം ആവശ്യം ഉണ്ടെങ്കിൽ ആ ഉത്തരവ് നൽകാമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയത്.
ഇഡിയ്ക്ക് ഈ കേസ് അന്വേഷിക്കാനുള്ള നിയമപരമായ അവകാശം ഇല്ലെന്നായിരുന്നു തോമസ് ഐസക്കിന്റെ അഭിഭാഷകൻ ഉന്നയിച്ച പ്രധാനവാദം. കേസിൽ വിശദമായ വാദം കേൾക്കാനാണ് കോടതിയുടെ തീരുമാനം.

