താങ്ങുവിലയിൽ നിയമപരമായ ഉറപ്പുനൽകും; രാഹുൽ ഗാന്ധി

ന്യൂഡൽഹി: കർഷകർക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വാമിനാഥൻ കമ്മീഷൻ ശുപാർശ പ്രകാരം എംഎസ്പി നിയമപരമായ ഉറപ്പ് നൽകാൻ കോൺഗ്രസ് തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഒരു ചരിത്ര ദിനമാണെന്നും 15 കോടി കർഷക കുടുംബങ്ങളുടെ ജീവിതത്തെ ഇത് മാറ്റിമറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നീതിയുടെ പാതയിൽ കോൺഗ്രസിന്റെ ആദ്യ ഉറപ്പാണിതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ ഡൽഹി ചലോ മാർച്ചുമായി കർഷകർ രംഗത്തെത്തിയിരുന്നു. 50 കർഷക സംഘടനകൾ സംയുക്തമായി നടത്തുന്ന ചലോ ഡൽഹി മാർച്ച് പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ നിന്നാണ് ആരംഭിച്ചത്. 1700 ട്രാക്ടറുകളാണ് ഫത്തേഗഡ് സാഹിബിൽ മാത്രം മാർച്ചിനായി എത്തിച്ചിരുന്നത്.

അതേസമയം, ഹരിയാനയിലെ അതിർത്തി ജില്ലകളിലെല്ലാം ഇന്റർനെറ്റ് റദ്ദാക്കി. സമരത്തിൽ പങ്കെടുക്കുന്ന ഹരിയാനയിലെ കർഷകരുടെ പാസ്‌പോർട്ട് റദ്ദാക്കുമെന്നും ട്രാക്ടർ പിടിച്ചെടുക്കുമെന്നും സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.