അനാവശ്യ വിവാദത്തിന് തിരികൊളുത്തി; കടകംപള്ളി സുരേന്ദ്രനെതിരെ വിമർശനം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയിൽ കടകംപള്ളി സുരേന്ദ്രനെതിരെ വിമർശനം. തലസ്ഥാനത്തെ റോഡ് പണി വിവാദത്തിലാണ് കടകംപള്ളിക്കെതിരെ വിമർശനം ഉയർന്നിരിക്കുന്നത്. അനാവശ്യ വിവാദത്തിന് തിരികൊളുത്തിയത് കടകംപള്ളിയാണെന്നായിരുന്നു വിമർശനം. ഭരണത്തിലിരിക്കുന്ന നഗരസഭയെ പോലും പ്രതിക്കൂട്ടിൽ നിർത്തുന്ന വിധത്തിലുള്ള നടപടി ഗൗരവമുള്ള സംഭവമാണെന്നും മുതിർന്ന നേതാവിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറിൽ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രൻ നടത്തിയ അഭിപ്രായ പ്രകടനമാണ് വിവാദത്തിലായത്. കരാറുകാരെ തൊട്ടപ്പോൾ ചിലർക്ക് പൊള്ളിയെന്ന് പൊതുവേദിയിൽ മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞിരുന്നു. കടകംപള്ളിയുടെ വിമർശനത്തിന് മറുപടിയെന്നോണമായിരുന്നു മുഹമ്മദ് റിയാസിന്റെ പരാമർശം.

കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമിതിയിലും സംഭവം റിപ്പോർട്ട് ചെയ്തു. പൊതുജന പക്ഷത്ത് നിന്നെന്ന പേരിൽ വിമർശനം ഉന്നയിച്ച കടകംപള്ളിയുടെ നടപടിയാണ് വാചക യുദ്ധത്തിന് തുടക്കമിട്ടതെന്നാണ് സംസ്ഥാന സമിതി അംഗങ്ങളുടെ വിലയിരുത്തൽ. ഭരണത്തിലിരിക്കുന്ന നഗരസഭയേയും പൊതുമരാമത്ത് വകുപ്പിനേയും അവഹേളിച്ച് പ്രസംഗിച്ച നടപടി ശരിയായില്ലെന്നാണ് സംസ്ഥാന സമിതിയിലെ പൊതു അഭിപ്രായം.