ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ (സിബിഎസ്ഇ). സിബിഎസ്ഇ പരീക്ഷകളുമായി ബന്ധപ്പെട്ട് എക്സ് പ്ലാറ്റ്‌ഫോമിൽ പ്രചരിക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെയാണ് സിബിഎസ്ഇ മുന്നറിയിപ്പ് നൽകിയത്. സിബിഎസ്ഇയുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് കൊണ്ട് പ്രവർത്തിക്കുന്ന 30 എക്‌സ് അക്കൗണ്ടുകളുടെ വിവരങ്ങളും ബോർഡ് പങ്കുവെച്ചു.
‘ചുവടെ കൊടുത്തിരിക്കുന്ന എക്‌സ് അക്കൗണ്ടുകൾ സിബിഎസ്ഇയുടെ ലോഗോയും പേരും ദുരുപയോഗം ചെയ്തു കൊണ്ട് ആളുകൾക്ക് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സാമൂഹ്യമാധ്യമ അക്കൗണ്ടുകൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുന്നതാണ് എന്ന് അറിയിക്കുന്നുവെന്ന് സിബിഎസ്ഇ എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
സിബിഎസ്ഇയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾക്ക് @cbseindia29 എന്ന വെരിഫൈഡ് എക്‌സ് അക്കൗണ്ട് സന്ദർശിക്കണം. സിബിഎസ്ഇയുടെ പേരും ലോഗോയും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകൾ നൽകുന്ന വിവരങ്ങൾക്ക് സിബിഎസ്ഇ ഉത്തരവാദികളായിരിക്കില്ലെന്നും സിബിഎസ്ഇ അറിയിച്ചു.

