അഹ്ലൻ മോദി; പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തത് 65,000 പേർ

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ തയ്യാറെടുത്ത് യുഎഇ പ്രവാസ സമൂഹം. യുഎഇയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ‘അഹ്ലൻ മോദി’ എന്ന പരിപാടിക്കായി 65,000 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ പീപ്പിൾ ഫോറത്തിന്റെ പ്രസിഡന്റും ‘അഹ്ലൻ മോദി’ യുടെ സംഘാടകനുമായ ജിതേന്ദ്ര വൈദ്യയാണ് ഇക്കാര്യം അറിയിച്ചത്. ഇത് വളരെ സവിശേഷമായ ഒരു പരിപാടിയാണ്. കാരണം ഇതൊരു സംഘടന നടത്തുന്ന പരിപാടിയല്ല. ഒരു സമൂഹം മുഴുവൻ ഇതിനൊപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങൾക്കറിയാവുന്ന പോലെ പ്രധാനമന്ത്രിയുടെ പേര് കേൾക്കുമ്പോൾ തന്നെ ജനങ്ങൾ തടിച്ചുകൂടും. ഇതാണ് ജനങ്ങൾക്ക് മോദിയോടുള്ള സ്‌നേഹം. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷൻ 65,000 കവിഞ്ഞു. അതിനാൽ ഫെബ്രുവരി രണ്ടിന് തന്നെ തങ്ങൾ രജിസ്‌ട്രേഷൻ ക്ലോസ് ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു. ഒരു വാർത്താ ഏജൻസിയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

700ലധികം കലാകാരന്മാർ ‘അഹ്ലൻ മോദി’ പരിപാടിയിൽ അണിനിരക്കും. വൈവിധ്യമാർന്ന ഇന്ത്യൻ കലകൾ ഇവർ അവതരിപ്പിക്കും. ഇന്ത്യയിലെ വിവിധ സമൂഹങ്ങളിൽപ്പെട്ടവർ വ്യത്യസ്തമായ സംസ്‌കാരങ്ങളെ വിളിച്ചോതുന്ന കലാപരിപാടികൾ അവതരിപ്പിക്കും. ‘നാരി ശക്തി’യ്ക്ക് ആവേശം പകർന്നുകൊണ്ടുള്ള പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീ ശാക്തീകരണം, സാമുദായിക സൗഹാർദ്ദം, പങ്കാളിത്തം എന്നിവയെ പ്രോത്സാഹിപ്പിക്കുമെന്നും സംഘാടക സമിതി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ കേൾക്കാൻ യുഎഇയിലെ ജനങ്ങൾ കൊതിക്കുന്നുവെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സുഞ്ജയ് സുധീർ നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയാത്തതിനാലാണ് പരിപാടിയിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം 65,000 ആക്കി രജിസ്‌ട്രേഷൻ അവസാനിപ്പിക്കേണ്ടി വന്നത്.

എട്ട് മാസത്തിനിടെ നരേന്ദ്ര മോദി നടത്തുന്ന മൂന്നാമത്തെ യുഎഇ സന്ദർശനമാണിത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും.