വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം രാഷ്ട്രീയ പ്രേരിതം; എം വി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. തീർത്തും രാഷ്ട്രീയ പ്രേരിതം എന്ന് വസ്തുതകൾ നിരത്തി വിശദീകരിച്ചതാണ്. മുഖ്യമന്ത്രിയിലേക്ക് ആരോപണം എത്തിക്കാനാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം. എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട ഷോൺ ജോർജ്ജിന്റെ നടപടി കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് കേസുമായി കോടതിയിൽ പോയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അപവാദ കള്ള പ്രചരണത്തെ എതിർക്കുമെന്നും മുഖ്യമന്ത്രിയെയാണ്. ബിജെപി ലക്ഷ്യമിടുന്നത് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.കേസിന് പിന്നിൽ കൃത്യമായ അജണ്ടയാണ്. പി സി ജോർജിന്റെ മകനാണല്ലോ ഇടപെട്ടത്, രണ്ടാളും ഇപ്പോൾ ബിജെപിയിലാണല്ലോവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും.തെരഞ്ഞെടുപ്പിന് മുൻപ് എന്തൊക്കെ കാണാനിരിക്കുന്നു. കേസിന് പിന്നിൽ കൃത്യമായ തിരക്കഥയാണെന്നും തെരഞെടുപ്പ് അജണ്ടയുടെ ഭാഗമായി ഉത്തരേന്ത്യയിലെ നേതാക്കളെ ശേഖരിക്കാൻ ബിജെപിക്ക് അറിയാമെന്നും തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കില്ലെന്ന ഭയമാണ് ബിജെപിക്കെന്നും എം വി ഗോവിന്ദൻ അറിയിച്ചു.

കൃത്യമായ തിരക്കഥയിലാണ് കാര്യങ്ങൾ പോകുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇനി എന്തെല്ലാം കാണണം. എസ്എഫ്ഐഒ അന്വേഷണത്തെ രാഷ്ട്രീയമായി ചെറുക്കും, പ്രതിരോധിക്കും. കെഎസ്ഐഡിസിയുടെ ദൈനംദിന കാര്യങ്ങളിൽ സർക്കാർ ഇടപെടാറില്ല. തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമായി ബിജെപി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നു. പണവും സ്വാധീനവും ഉപയോഗിച്ച് വശത്താക്കുന്നു. പ്രേമചന്ദ്രനെ പ്രധാനമന്ത്രി വിരുന്ന് പങ്കാളിയാക്കിയതും അതിന്റെ ഭാഗം തന്നെയാണ്. ആഹാരത്തിന് ക്ഷണിച്ചാൽ പോകാതിരിക്കുന്നത് സംസ്‌കാരമല്ലെന്നാണ് പ്രേമചന്ദ്രനും യുഡിഎഫും പറയുന്നത്. മുഖ്യമന്ത്രി ക്ഷണിച്ച ക്രിസ്മസ് വിരുന്നിന് പ്രതിപക്ഷം എത്താതിരുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ചോദിക്കുന്നു.