തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ പടക്ക സംഭരണശാലയിൽ വൻ സ്ഫോടനം. അപകടത്തിൽ ഒരാൾ മരിച്ചു. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാളാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം 16 പേരെയാണ് തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ നാല് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വൻ പടക്കശേഖരം പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.
സ്ഫോടനം ഉണ്ടായ സ്ഥലത്തിന് സമീപത്തെ 45 ഓളം വീടുകൾക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റർ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. അരകിലോമീറ്റർ അകലെ വരെ കെട്ടിടാവശിഷ്ടങ്ങളെത്തി. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്.

