ന്യൂഡൽഹി: 18 മാസം നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കൊടുവിൽ ഇന്ത്യയ്ക്ക് നയതന്ത്ര വിജയം. ഇന്ത്യൻ നാവികരായിരുന്ന എട്ട് പേരെ ഖത്തർ മോചിപ്പിച്ചു. ഭാരതം തീർത്ത നയതന്ത്രങ്ങളുടെ വിജയമാണിതെന്നാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഖത്തറിൽ തടവിൽ കഴിഞ്ഞിരുന്ന ഓരോ മുൻ നാവികനും ഒരേസ്വരത്തിൽ വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഖത്തർ അമീറുമായുള്ള വ്യക്തി ബന്ധവും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സ്വീകരിച്ച നിലപാടുകളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നടത്തിയ ഇടപെടലുകളും നാവികരുടെ മോചനം എളുപ്പമാക്കാൻ സഹായിച്ചു. ഖത്തർ അധികാരികളുമായി അജിത് ഡോവൽ ചർച്ചകൾ നടത്തിയിരുന്നു. രാജ്യത്തിന്റെ താത്പര്യങ്ങളും ആവശ്യങ്ങളും ഖത്തറിനെ അറിയിക്കുന്നതിനായി ഡോവൽ ദോഹയിലേക്ക് നടത്തിയ യാത്രകളെക്കുറിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അൽ ദഹ്റ ഗ്ലോബൽ ടെക്നോളജീസിൽ ജോലി ചെയ്തിരുന്ന എട്ട് ഇന്ത്യൻ നാവികരെ ഖത്തറിലെ രഹസ്യാന്വേഷണ വിഭാഗമായ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ 2022 ഓഗസ്റ്റ് 30 നാണ് അറസ്റ്റ് ചെയ്തത്. ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റം ആരോപിച്ചായിരുന്നു അറസ്റ്റ്. ഒക്ടോബർ 29ന് ഖത്തർ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി 8 പേർക്കും വധശിക്ഷ വിധിച്ചു.
തുടർന്ന് വധശിക്ഷക്കെതിരെ ഇന്ത്യ ഖത്തർ കോടതിയിൽ അപ്പീൽ സമർപ്പിച്ചു. നിയമപരമായി വിഷയത്തിൽ പരിഹാരം കാണുക, അല്ലെങ്കിൽ നയതന്ത്ര ബന്ധത്തിലൂടെ നാവികരുടെ മോചനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു ഇന്ത്യയുടെ പ്രവർത്തനം. നാവികരുടെ കുടുംബങ്ങൾക്ക് പൂർണ പിന്തുണയും നിയമസഹായവും ഇന്ത്യ ഉറപ്പു നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബർ 27-ന് നാവികസേനാ ഉദ്യോഗസ്ഥരുടെ വധശിക്ഷ തടവുശിക്ഷയായി കുറച്ചെന്ന ഖത്തർ കോടതിയുടെ വിധി പുറത്തുവന്നു. ഖത്തർ ഭരണാധികാരിയും നരേന്ദ്രമോദിയും തമ്മിലുള്ള ചർച്ചകളാണ് നാവികരുടെ മോചനം സാധ്യമാക്കിയതെന്നാണ് പുറത്തു വരുന്ന വിവരം.

