കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ സൗജന്യ വൈഫൈ പാർക്ക് എന്ന നേട്ടം കരസ്ഥമാക്കി കോഴിക്കോട് മാനാഞ്ചിറ പാർക്ക്. 13 ആക്സസ് പോയിന്റുകൾ പാർക്കുകൾ തയ്യാറാക്കിയിട്ടുണ്ട്. പാർക്കിൽ ഒരേ സമയം 500 പേർക്ക് വൈ ഫൈ സൗകര്യം ഉപയോഗിക്കാൻ കഴിയും. ഒരാൾക്ക് ഒരു ദിവസം ഒരു ജി.ബി ഡാറ്റ ഉപയോഗിക്കാനാകും. സമീപത്ത് തന്നെയുള്ള എസ്.കെ പൊറ്റേക്കാട്ട് സ്ക്വയറിൽ ഇരിക്കുന്നവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.
എളമരം കരീം എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 35.89 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ആദ്യ മൂന്ന് വർഷം ബി.എസ്.എൻ.എല്ലിനാണ് നടത്തിപ്പ് ചുമതല. പിന്നീട് ഇത് കോർപറേഷൻ ഏറ്റെടുക്കും. മൊബൈൽ ഫോണിലെ വൈ ഫൈ സിഗ്നലുകളിൽ നിന്ന് മാനാഞ്ചിറ ഫ്രീ വൈ ഫൈ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കണം. തുടർന്ന ലഭിക്കുന്ന വെബ് പേജിൽ നിങ്ങളുടെ മൊബൈൽ നമ്പർ നൽകി get otp എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. തുടർന്ന് മൊബൈൽ നമ്പറും പേരും എന്റർ ചെയ്ത് സബ്മിറ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന ഒ.ടി.പി നമ്പർ ഉപയോഗിച്ച് സേവനം ആക്ടിവേറ്റ് ചെയ്യാം. ബി.എസ്.എൻ.എൽ ഇന്റർനെറ്റ് ശൃംഖല, സെർവർ എന്നിവ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
എളമരം കരീം എം.പി പദ്ധതിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ ഡെപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ബി.എസ്.എൻ.എൽ ജി.എം സാനിയ അബ്ദുൽ ലത്തീഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.