റേഷൻ കടയിലെ മോദി ബ്രാന്റിംഗ് കേന്ദ്രത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി; മുഖ്യമന്ത്രി

തിരുവനന്തപുരം: റേഷൻ കടകളുടെ ബ്രാൻഡിങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ചിത്രവും സെൽഫി പോയിന്റും റേഷൻ കടകൾക്കു മുന്നിൽ സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ എതിർത്ത് കേരളം. തിരഞ്ഞെടുപ്പു വർഷത്തിൽ ഇത്തരമൊരു പ്രചാരണം ശരിയല്ലെന്നും നടപ്പാക്കാൻ വിഷമമുണ്ടെന്നും കേന്ദ്രത്തെ അറിയിക്കുമെന്ന മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

റേഷൻ കടയിലെ മോദി ബ്രാന്റിംഗ് കേന്ദ്രത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയാണ്. കേന്ദ്രസർക്കാർ നടപടി ശരിയല്ലെന്നും നടപ്പാക്കാൻ വിഷമമാണെന്നും കേരളം അറിയിക്കും. റേഷൻ കടയ്ക്ക് മുന്നിൽ മോദിയുടെ സെൽഫി പോയിന്റ് കേരളത്തിൽ സ്ഥാപിക്കില്ല. ദീർഘകാലമായി റേഷൻ നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. അതിന്റെ ഭാഗമായി റേഷൻ കടകളും നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതേവരെയില്ലാത്ത ഒരു പുതിയ പ്രചരണ പരിപാടിയാണ് കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ തീർച്ചയായും തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയുള്ളതാണ്. ഇക്കാര്യം കാണിച്ചു കൊണ്ട് ഇത് ശരിയല്ലെന്നും നടപ്പാക്കാൻ വിഷമമാണെന്നും കേന്ദ്രസർക്കാരിനെ അറിയിക്കും. ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.