തിരുവനന്തപുരം: ബിജെപിയ്ക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിലെ കോൺഗ്രസിന് ബിജെപിയോട് അവിശുദ്ധ ചങ്ങാത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ സമരം നരേന്ദ്ര മോദി സർക്കാരിനുള്ള മറുപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ കോൺഗ്രസുകാർ സമരത്തിനെതിരെ ബിജെപിയെ പോലെ സംസാരിച്ചു. ജനം ഇതിനെ അംഗീകരിക്കാൻ പോകുന്നില്ല. ബിജെപി – കോൺഗ്രസ് ബാന്ധവത്തെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തോൽപ്പിക്കും. ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കും എന്നാണ് നവകേരള യാത്രയിലും ഡൽഹി സമരത്തിലും കണ്ട വിശ്വാസം. കേന്ദ്രസർക്കാർ സംസ്ഥാനത്തെ ധനപ്രതിസന്ധിയിലാക്കുകയാണ്. കേന്ദ്രത്തിന്റെ ഒന്നാം നമ്പർ ശത്രു കേരളമാണ്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിപിഐക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റും പ്രധാനമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ എല്ലാ സീറ്റിലും ഉചിതമായ സ്ഥാനാർഥികൾ ഉണ്ടാകും. തിരഞ്ഞെടുപ്പിനെ നേരിടാൻ സിപിഐ സജ്ജമാണ്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ ചില പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് കോൺഗ്രസിനു മറുപടി നൽകേണ്ടിവരുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.