മുംബൈ: മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ചവാൻ ബിജെപി അംഗത്വം സ്വീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിന് മുന്നോടിയായി അദ്ദേഹം മഹാരാഷ്ട്ര നിയമസഭാ അംഗത്വം രാജിവെച്ചു.കോൺഗ്രസിൽ നിന്നും അദ്ദേഹം രാജിവെച്ചതായാണ് വിവരം. അശോക് ചവാൻ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ അടുത്തിടെ കോൺഗ്രസ് വിടുന്ന മൂന്നാമത്തെ നേതാവാണ് അശോക് ചവാൻ.
മഹാരാഷ്ട്രയിൽ മുൻകേന്ദ്ര മന്ത്രി മിലിന്ദ് ദേവ്റയും മുൻമന്ത്രി ബാബ സിദ്ദിഖും ദിവസങ്ങൾക്ക് മുൻപാണ് കോൺഗ്രസ് വിട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കവെയാണ് മഹാരാഷ്ട്രയിൽ വലിയ രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നത്.
അന്തരിച്ച എസ് ബി ചവാന്റെ മകനാണ് അശോക് ചവാൻ. രണ്ട് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയും രാജീവ് ഗാന്ധി മന്ത്രിസഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്നു എസ് ബി ചവാൻ. അതേസമയം, ജമ്മു കശ്മീർ മുൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും (എംഎൽസി) മുൻ നാഷണൽ കോൺഫറൻസ് നേതാവുമായിരുന്ന ഡോ ഷെഹനാസ് ഗനായി ബിജെപി അംഗത്വം സ്വീകരിച്ചു.
ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ചാണ് ഷഹനാസ് ഗനായി ബിജെപിയിൽ ചേർന്നത്. ജമ്മു കാശ്മീരിന്റെ ചുമതലയുള്ള മുതിർന്ന ബിജെപി നേതാവ് തരുൺ ചുഗ്, കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം.

