തിരുവനന്തപുരം: വനംമന്ത്രി എ കെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാൻ കഴിയാത്ത വനംമന്ത്രിയെ പുറത്താക്കണമെന്ന് വി മുരളീധരൻ വ്യക്തമാക്കി. നികുതിദായകരുടെ പണം കൊണ്ട് എ കെ ശശീന്ദ്രനെപ്പോലുള്ളവരെ തീറ്റിപ്പോറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
കർണാടക സർക്കാർ റേഡിയോ കോളർ ഘടിപ്പിച്ച ആനയായിട്ടും മുന്നറിയിപ്പ് നൽകാൻ പോലും വനംവകുപ്പിന് കഴിയാതിരുന്നത് ഗുരുതര വീഴ്ചയാണ്. മോദിവിരുദ്ധ സമരത്തിന് കേരള-കർണാടക വനംമന്ത്രിമാർ ഒരേ സമയം ഡൽഹിയിൽ ഉണ്ടായിരുന്നു. ഈ വിഷയത്തിൽ എന്തെങ്കിലും ചർച്ച നടത്തിയിരുന്നുവെങ്കിൽ ജനങ്ങൾക്ക് പ്രയോജനം ലഭിച്ചേനെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മോദിക്കെതിരെ സമരം ചെയ്യുന്ന സമയത്ത് കേരളത്തിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാൻ എന്ത് നടപടിയെടുത്തു. കർണാടക ഭരിക്കുന്നവരുടെ നേതാവ് കൂടിയായ വയനാട് എംപി രാഹുൽഗാന്ധി മണ്ഡലത്തിൽ നടക്കുന്നതൊന്നും അറിഞ്ഞിട്ടില്ല. ആനയെ മുഖ്യമന്ത്രിയുടെ ഓഫീസ് നോക്കുന്നുണ്ടെന്ന വിചിത്രവാദമാണ് എ കെ ശശീന്ദ്രൻ ഉന്നയിക്കുന്നത്. മന്ത്രിയുടെ ജോലി മാധ്യമങ്ങളെ കണ്ട് ആന എങ്ങോട്ട് പോകുന്നു എന്ന വിവരം കൊടുക്കല്ലല്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

