ഗാന്ധിനഗർ: ആര്യസമാജം സ്ഥാപകൻ സ്വാമി ദയാനന്ദ സരസ്വതിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ അടിമത്തത്തിലും അന്ധവിശ്വാസങ്ങളിലും കുടുങ്ങിയ കാലത്ത് ഇന്ത്യൻ സമൂഹം വേദങ്ങളിലേക്ക് മടങ്ങണമെന്ന് ആഹ്വാനം ചെയ്ത സാമൂഹിക പരിഷ്കർത്താവാണ് അദ്ദേഹമെന്ന് മോദി പറഞ്ഞു. അന്ധവിശ്വാസങ്ങളും മാമൂലുകളും എങ്ങനെയാണ് രാജ്യത്തെ വിഴുങ്ങിയതെന്നും ശാസ്ത്ര ചിന്തകളെ ദുർബലപ്പെടുത്തുകയും ചെയ്തതെന്ന് വ്യക്തമാക്കി തന്ന സാമൂഹിക പരിഷ്കർത്താവാണ് സ്വാമി ദയാനന്ദ്ജിയെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാമി ദയാനന്ദയുടെ 200-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഗുജറാത്തിലെ മോർബി ജില്ലയിലെ തൻകരയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സാമൂഹിക തിന്മകൾ രാജ്യത്തിന്റെ ഐക്യത്തെ അക്രമിച്ചു. ഒരു വിഭാഗം ആളുകൾ ഭാരതീയ സംസ്കാരത്തിൽ നിന്നും ആത്മീയതയിൽ നിന്നും അകലുന്ന അവസരമായിരുന്നു അത്. ഇക്കാലത്താണ് സ്വാമി ദയാനന്ദ്ജി വേദങ്ങളിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്തത്. വേദങ്ങളെ കുറിച്ച് യുക്തിസഹമായ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും നൽകാൻ ആര്യസമാജത്തിന്റെ സ്ഥാപകനായ അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യൻ തത്വചിന്തയുടെ അന്തസത്തയെന്താണെന്ന് വിശദീകരിക്കുന്നതിലും അദ്ദേഹം വിജയിച്ചു. ജനങ്ങൾക്കിടയിലും സമൂഹത്തിലും ആത്മവിശ്വാസം വർദ്ധിക്കാൻ ഇത് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ മൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം ചടങ്ങിൽ ചൂണ്ടിക്കാട്ടി. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ രാജ്യം വിപുലീകരണത്തിന്റെ പാതയിലാണ്. സമൂഹവുമായി ഇതിനെ ബന്ധപ്പെടുത്തുകയെന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

