തിരുവനന്തപുരം: സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് ചെയർമാൻ കെ സച്ചിദാനന്ദൻ. മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുന്നത് മഹത് പ്രവൃത്തിയാണെന്ന് സച്ചിദാനന്ദൻ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പ്രതിഫലത്തുകയുമായി ബന്ധപ്പെട്ട് ബാലചന്ദ്രൻ ചുള്ളിക്കാടും കേരള ഗാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ശ്രീകുമാരൻ തമ്പിയും ഉയർത്തിയ വിവാദങ്ങളുടെ സാഹചര്യത്തിലാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.
മറ്റുള്ളവരുടെ തെറ്റുകൾ, അഥവാ തെറ്റുകൾ എന്ന് വിലയിരുത്തപ്പെടുന്നവ ഏറ്റെടുത്ത് കുരിശിൽ ഏറുക ഒരു മഹത്പ്രവൃത്തിയാണ്. നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടെതായാലും, പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥൻ വഴി ആവശ്യപ്പെടുകയും അത് സകാരണം തിരസ്‌കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥയുടേതായാലും. താൻ തികഞ്ഞ നിസ്സംഗതയോടെ തനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നുവെന്നും സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
കേരളസാഹിത്യ അക്കാദമി നൽകിയ പ്രതിഫലത്തുകയെ വിമർശിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്തെത്തിയിരപന്നു. ഇതാണ് കേരള സാഹിത്യ അക്കാദമിയെ വിവാദത്തിലാക്കിയത്. സർക്കാരിന് വേണ്ടി കേരള ഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് കേരള സാഹിത്യ അക്കാദമി തന്നെ അപമാനിച്ചുവെന്നായിരുന്നു ശ്രീകുമാരൻ തമ്പിയുടെ ആരോപണം.

