യുവാക്കൾ നേതൃത്വസ്ഥാനത്തേക്ക് വന്നോട്ടെ എന്ന് കരുതാനുള്ള ആത്മവിശ്വാസം ഇന്നത്തെ കോൺഗ്രസ് നേതാക്കൾക്കുണ്ടോ; പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: യുവാക്കൾ പാർട്ടി നേതൃത്വത്തിൽ വരാത്തതിന് കാരണം ഇന്നത്തെ കോൺഗ്രസ് നേതാക്കളെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ. യുവാക്കളെ കോൺഗ്രസിലേക്ക് കൊണ്ടുവന്നതിൽ ഉമ്മൻചാണ്ടി മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കൾ പാർട്ടിയുടെ നേതൃത്വസ്ഥാനത്തേക്ക് വന്നോട്ടെ എന്ന് കരുതാനുള്ള ആത്മവിശ്വാസം ഇന്നത്തെ കോൺഗ്രസ് നേതാക്കൾക്കുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ദിരാഗാന്ധിയെ പോലുള്ള നേതാക്കളുള്ള കാലത്ത് വയലാർ രവി 32-ാം വയസിൽ പ്രവർത്തക സമിതിയിൽ വന്നു. ഉമ്മൻചാണ്ടി പല സ്ഥലങ്ങളിൽ നിന്നാണ് തങ്ങളെയൊക്കെ കണ്ടെത്തി നേതൃത്വത്തിലേയ്ക്ക് കൊണ്ടുവന്നത്. അല്ലെങ്കിൽ എന്നെ പോലുള്ളവർക്ക് നേതാവോ എംഎൽഎയോ ആകാൻ കഴിയുമായിരുന്നില്ല. 2011ൽ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ പത്ത് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. ഏറ്റവും ചെറുപ്പക്കാരായവരോടു പോലും ആശയവിനിമയം നടത്താൻ കഴിഞ്ഞ നേതാവായിരുന്നു അദ്ദേഹമെന്ന് വിഷ്ണുനാഥ് അറിയിച്ചു. മാതൃഭൂമി സംഘടിപ്പിച്ച അക്ഷരോത്സവത്തിൽ ഉമ്മൻചാണ്ടിയുടെ ‘കാലം സാക്ഷി’ എന്ന ആത്മകഥ വിഷയമാക്കിയ സംവാദത്തിൽ സംസാരിക്കവെയായിരുന്നു വിഷ്ണുനാഥിന്റെ പരാമർശം.

അതേസമയം, പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്യാനുള്ള ശേഷി പഴയ തലമുറയ്ക്ക് ഉണ്ടായിരുന്നുവെന്ന് കാലം സാക്ഷിയുടെ എഡിറ്ററായ സണ്ണിക്കുട്ടി എബ്രഹാം പറഞ്ഞു.