കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചു. ഫെബ്രുവരി 17വരെയാണ് ബിജു പ്രഭാകർ അവധി എടുത്തിരിക്കുന്നത്. കെഎസ്ആർടിസി സിഎംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം അവധിയിൽ പ്രവേശിച്ചിരിക്കുന്നത്.

കത്തിൽ തുടർനടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് അവധിയിൽ പോയതെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഒഴിച്ചുകൂടാനാകാത്ത വ്യക്തിപരമായ കാരണമാണ് അവധി എടുക്കാൻ കാരണമെന്നാണ് ബിജു പ്രഭാകർ വ്യക്തമാക്കിയിട്ടുള്ളത്. വിദേശത്തായിരുന്ന ബിജു പ്രഭാകർ കഴിഞ്ഞ മാസം 28 നാണ് തിരികെ എത്തിയത്. ഇതിന് ശേഷം ഒരു ദിവസം മാത്രമാണ് അദ്ദേഹം കെഎസ്ആർടിസി ഓഫീസിലെത്തിയത്. എന്നാൽ, ഗതാഗത സെക്രട്ടറി എന്ന നിലയിൽ സെക്രട്ടറിയേറ്റിലെ ഓഫീസിൽ അദ്ദേഹം ജോലിക്കെത്തിയിരുന്നു.

എംഡി സ്ഥാനത്തിന് പുറമെ ഗതാഗത സെക്രട്ടറിയുടെ ചുമതലയും ഒഴിയാൻ സന്നദ്ധത അറിയിച്ചതായാണ് വിവരം. ഇലക്ട്രിക് ബസ് ലാഭകരമല്ലെന്നും ഇനി വാങ്ങില്ലെന്നുമുള്ള കെബി ഗണേഷ് കുമാറിന്റെ പ്രസ്താവനയാണ് വിവാദത്തിലായത്. കെഎസ്ആർടിസിയിലെ നയപരമായ തീരുമാനങ്ങളിൽ ഉൾപ്പെടെ ഗണേഷ്‌കുമാർ ഏകപക്ഷീയമായ ഇടപെടൽ നടത്തുന്നുവെന്ന ആരോപണവും ഉയർന്നിരുന്നു.