കേന്ദ്രം 29 രൂപയ്ക്ക് നൽകുന്നത് 24 രൂപയ്ക്ക് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അരി; ജി ആർ അനിൽ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് അരി വിതരണത്തിനെതിരെ രൂക്ഷവിമർശനം നടത്തി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കേന്ദ്രം 29 രൂപയ്ക്ക് നൽകുന്നത് 24 രൂപയ്ക്ക് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അരിയാണെന്ന് അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് പൊതുമരാമത്ത് വകുപ്പിന്റെ ഗസ്റ്റ് ഹൗസിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

29 രൂപയ്ക്ക് ഭാരത് അരി എന്ന പേരിൽ വിതരണം ചെയ്യുന്നത് റേഷൻ കടയിൽ ലഭിക്കുന്ന അരിയാണ്. റേഷൻ കടയിൽ കിട്ടുന്ന ചമ്പാ അരിയല്ല ഇത്. മറിച്ച്, ചാക്കരി എന്ന് നാട്ടിൽ പറയുന്ന അരിയാണ് നൽകുന്നത്. അല്ലാതെ, കൂടിയ ജയ അരി ഒന്നുമല്ല. ഇതേ അരിയാണ് 24 രൂപയ്ക്ക് സപ്ലൈക്കോ വഴി നൽകുന്നത്. ഇതേ അരിയാണ് നാല് രൂപയ്ക്ക് റേഷൻ കടവഴി നീല കാർഡുകാർക്കും 10.90 പൈസയ്ക്ക് വെള്ള കാർഡുകാർക്കും നൽകുന്നതുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്രം നിലവിൽ 29 രൂപയ്ക്ക് അരി നൽകുന്നത് സംസ്ഥാനത്തിന്റെ വാതിൽ അടച്ചതിന് ശേഷമാണ്. ഇത്തരത്തിലാണോ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരു ഫെഡറൽ സംവിധാനത്തിൽ പ്രവർത്തിക്കേണ്ടതെന്നും മന്ത്രി ചോദിക്കുന്നു. കേരളത്തിൽ 14,250 കേന്ദ്രങ്ങളിൽ റേഷൻ കടകളുണ്ട്. ഈ രീതിയിൽ ഫലപ്രദമായി പ്രവർത്തിക്കുന്ന സംവിധാന മുള്ള സാഹചര്യത്തിലാണ് തൃശ്ശൂരിനെ ഇങ്ങ് എടുക്കാൻ വേണ്ടി അരി വിതരണം നടത്തുന്നത്. സർക്കാരിന് കേന്ദ്രം നൽകാനുള്ള തുക നൽകുന്ന നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ കണ്ണഞ്ചിപ്പിക്കുന്ന വികസന ക്ഷേമ പദ്ധതികൾ കേരളത്തിൽ യാഥാർഥ്യമാക്കുമായിരുന്നുവെന്നും ജി ആർ അനിൽ കൂട്ടിച്ചേർത്തു.