തിരുവനന്തപുരം: എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്. കമ്പനിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കേന്ദ്ര സർക്കാരും എസ്എഫ്‌ഐഒ ഡയറക്ടറുമാണ് ഹർജിയിലെ എതിർകക്ഷികൾ. ഹർജി നൽകിയിരിക്കുന്നത് മനു പ്രഭാകർ കുൽക്കർണിയെന്ന അഭിഭാഷകൻ മുഖേനയാണ്.
അന്വേഷണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ എസ്എഫ്‌ഐഒ സംഘം പരിശോധന നടത്തുന്നുണ്ട്. അന്വേഷണത്തിൽ എക്‌സാലോജിക്കിൽ നിന്ന് വിവരങ്ങൾ തേടുന്നതിനായി വീണ വിജയന് നോട്ടീസ് നൽകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സ്റ്റേ ആവശ്യപ്പെട്ടുള്ള എക്‌സാലോജിക് ഹർജി നൽകിയത്.
ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിൽ 4 ഉദ്യോഗസ്ഥരാണു കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. നാലരയ്ക്കു ശേഷം ഇവർ മടങ്ങി. മൂന്നര മണിക്കൂർ നീണ്ട പരിശോധനക്കൊടുവിൽ കെഎസ്ഐഡിസിയുടെ അക്കൗണ്ട് സോഫ്റ്റ് വെയർ എസ്എഫ്ഐഒ സംഘം ശേഖരിച്ചു. അന്വേഷണം ചോദ്യംചെയ്തു കെഎസ്ഐഡിസി നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചതിന് ഒരു മണിക്കൂർ മുൻപായിരുന്നു പരിശോധന നടന്നത്. സ്റ്റേ ആവശ്യം കോടതി അനുവദിച്ചില്ല. പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് എന്താണ് ഒളിച്ചുവയ്ക്കാനുള്ളതെന്നായിരുന്നു കോടതിയുടെ ചോദ്യം.

