ഹൈക്കോടതി വിമർശനം; ലോകായുക്തക്കെതിരായ പരാമർശം പിൻവലിച്ച് വിഡി സതീശൻ

കൊച്ചി: ലോകായുക്തക്കെതിരായ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹൈക്കോടതി വിമർശനത്തെ തുടർന്നാണ് സതീശൻ ലോകായുക്തക്കെതിരെ നടത്തിയ പരാമർശം പിൻവലിച്ചത്. കെ ഫോണിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു പരാമർശം.

കർത്തവ്യ നിർവഹണത്തിൽ ലോകായുക്ത പരാജയമാണെന്നായിരുന്നു ഹർജിയിലെ പരാമർശം. എന്നാൽ ഈ പരാമർശത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഉത്തരവാദിത്തമുള്ള പദവിയിലിരുന്ന് ഇത്തരം ഒരു പരാമർശം നടത്തിയത് ശരിയായില്ല എന്നായിരുന്നു വിമർശനം. കോടതി വിമർശനത്തിന് പിന്നാലെ പരാമർശം സതീശൻ പിൻവലിച്ചു. പരാമർശം പിൻവലിച്ചെന്ന് സതീശൻ അറിയിച്ചത് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്.

മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമർശം ഉണ്ടായതെന്നാണ് വി ഡി സതീശൻ വിശദമാക്കിയിട്ടുള്ളത്.