വിവാഹത്തിന് പുറത്ത് കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃകയെ പിന്തുണയ്ക്കാൻ കഴിയില്ല; സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹം എന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി. വിവാഹത്തിന് പുറത്ത് കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃകയെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. വാടക ഗർഭധാരണത്തിലൂടെ അമ്മയാകാൻ അനുമതി ആവശ്യപ്പെട്ട് അവിവാഹിതയായ 44കാരി നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് കോടതി ഇതുസംബന്ധിച്ച പരാമർശം. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി കേട്ടത്.

വിവാഹത്തിന് പുറത്ത് അമ്മയാകുക എന്നുള്ളത് നമ്മുടെ രീതിയല്ല. ഇന്ത്യൻ രീതി വിവാഹത്തിന് അകത്ത് നിന്നുകൊണ്ട് അമ്മയാകുക എന്നുള്ളതാണ്. കുട്ടിയുടെ ക്ഷേമം മുൻനിർത്തിയാണ് തങ്ങൾ സംസാരിക്കുന്നത്. വിവാഹം എന്ന സംവിധാനം നിലനിൽക്കേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമാണ്. നമ്മൾ പാശ്ചാത്യ രാജ്യങ്ങളെപ്പോലെയല്ല. ഇങ്ങനെ അഭിപ്രായപ്പെടുന്നത് കൊണ്ട് തങ്ങളെ യാഥാസ്ഥിതികരെന്ന് നിങ്ങൾ കുറ്റപ്പെടുത്തിയേക്കാം. തങ്ങളത് അംഗീകരിക്കുന്നുവെന്നും കോടതി അറിയിച്ചു.

44 വയസ്സായ സ്ഥിതിക്ക് കുഞ്ഞിനെ പരിപാലിക്കുക യുവതിയെ സംബന്ധിച്ചിടത്തോളം എളുപ്പമാകില്ല. അച്ഛനും അമ്മയും ആരാണെന്നറിയാതെ പാശ്ചാത്യ നാടുകളിലെ പോലെ കുട്ടികൾ അലഞ്ഞുനടക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി വിശദമാക്കി. ശാസ്ത്രം ഒരുപാട് മാറിക്കഴിഞ്ഞു. പക്ഷേ സാമൂഹിക കാഴ്ചപ്പാടുകൾ മാറിയിട്ടില്ല. അതു ചിലപ്പോൾ നല്ലതിനാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. അമ്മയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിവാഹം കഴിക്കുകയോ ദത്തെടുക്കുകയോ ചെയ്യാണമെന്ന ഉപദേശവും കോടതി നൽകി.