ബജറ്റിൽ സിപിഐ മന്ത്രിമാർക്ക് അതൃപ്തിയുള്ളതായി അറിയില്ല; പി രാജീവ്

തിരുവനന്തപുരം: ബജറ്റുമായി ബന്ധപ്പെട്ട പരാതികളിൽ പ്രതികരിച്ച് വ്യവസായ മന്ത്രി പി രാജീവ്. ബജറ്റ് സന്തുലിതമെന്നാണ് പൊതുവെയുള്ള അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മന്ത്രിയും ആവശ്യപ്പെടുന്നത് സ്വന്തം വകുപ്പുകൾക്കുള്ള വലിയ തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ വകുപ്പുകൾക്കും പരിഗണന നൽകാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. ബജറ്റിൽ സിപിഐ മന്ത്രിമാർക്ക് അതൃപ്തിയുള്ളതായി അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന ബജറ്റിൽ വകുപ്പുകൾക്ക് ആവശ്യമായ വിഹിതം അനുവദിക്കാത്തതിൽ അതൃപ്തിയുമായി സിപിഐയിലെ മന്ത്രിമാർ രംഗത്തെത്തിയിരുന്നു. മന്ത്രി ജി ആർ അനിൽ ഇക്കാര്യത്തിൽ അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. വകുപ്പുകൾക്ക് ആവശ്യമായ വിഹിതം ലഭിച്ചില്ലെന്ന കാര്യം സിപിഐ മന്ത്രിമാർ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടറിയിക്കുമെന്നാണ് വിവരം.

സപ്ലൈകോയ്ക്ക് പണം ഇല്ലാത്തതിലും കുടിശിക തീർക്കാൻ സഹായം അനുവദിക്കാത്തതിലുമാണ് മന്ത്രി ജി ആർ അനിൽ പ്രതിഷേധം അറിയിച്ചത്. തുക വകയിരുത്താത്തതിലെ അതൃപ്തി ധനമന്ത്രിയെ അറിയിച്ച് ഭക്ഷ്യമന്ത്രി കത്തുനൽകുകയും ചെയ്തു. ബജറ്റ് പ്രസംഗത്തിന്റെ തലക്കെട്ടുകളിൽ പോലും വകുപ്പിനെ ഉൾപ്പെടുത്തിയില്ലെന്നാണ് വിമർശനം. മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയും അതൃപ്തി അറിയിച്ച് രംഗത്തെത്തി.