മാലെ: ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടുകയോ തുരങ്കം വയ്ക്കുകയോ ചെയ്യാൻ മറ്റ് ഒരു രാജ്യത്തെയും അനുവദിക്കില്ലെന്നും മുയിസു പാർലമെന്റിൽ അറിയിച്ചു.
മെയ് 10നകം ഇന്ത്യൻ സൈന്യം മാലദ്വീപിൽ നിന്ന് പൂർണമായും ഒഴിയുമെന്ന് ഇരുരാജ്യങ്ങളും തമ്മിൽ തിരുമാനിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ ഒരു സംഘം സൈനികർ മാർച്ച് പത്തോടുകൂടി ദ്വീപ് വിടും. മറ്റ് രണ്ടു സംഘങ്ങൾ മെയ് 10ഓടെ പിൻവാങ്ങും. ഇന്ത്യയുമായുള്ള കരാർ പുതുക്കില്ല. ഒരു രാജ്യത്തെയും നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടുകയോ തുരങ്കം വയ്ക്കുകയോ ചെയ്യാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മാലദ്വീപിലെ രണ്ട് പ്രധാന പ്രതിപക്ഷ പാർട്ടികളായ എംഡിപിയും ഡെമോക്രാറ്റുകളും മുയിസുവിന്റെ പ്രസംഗം ബഹിഷ്‌കരിച്ചു. 56 അംഗങ്ങളിൽ പ്രസംഗം കേൾക്കാൻ വെറും 24 പേർ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനിടെ മുയിസുവിനെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

