ഭൂമിയുടെ ന്യായവില വർധിപ്പിക്കും; ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില വർധിപ്പിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഭൂമി വിലയിലുണ്ടായ വർധനവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ന്യായവില പരിഷ്‌കരിക്കാനാണ് പദ്ധതി. ഓരോ വസ്തുവിന്റെയും ഉപയോഗക്രമമനുസരിച്ചുള്ള ഭൂനികുതി നിർണയിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

സംസ്ഥാനത്തെ ഫ്‌ളാറ്റുകൾ നിൽക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ വ്യക്തിഗതമായി ഭൂനികുതി നിരക്കുകൾ ഏർപ്പെടുത്തും. മൂല്യനിർണയ സാക്ഷ്യപത്രങ്ങളിൽ കെട്ടിടത്തിന്റെ വിലകുറച്ച് കാണിച്ചുണ്ടാകുന്ന നികുതി ചോർച്ച തടയുന്നതിനായി കെട്ടിടത്തിന്റെ മൂല്യം കണക്കാക്കാനുള്ള നടപടികളും സ്വീകരിക്കും. ആധാരത്തിന്റെ രജിസ്‌ട്രേഷൻ സമയത്ത് ഈ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി നിശ്ചിയിക്കപ്പെട്ട വിലയിൽ കുറയാത്ത തുകയ്ക്ക് സ്റ്റാബ് ഡ്യൂട്ടി അടച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനും പുതുക്കിയ മാർഗനിർദ്ദേശം പുറപ്പെടുവിക്കുന്നതിനും 1960ലെ മുദ്രപത്ര ചട്ടങ്ങളിലാവശ്യമായ ഭേദഗതി വരുത്തും. 500 ചതുരശ്ര അടിയിൽ കുറഞ്ഞ വിസ്തീർണമുള്ള പാർപ്പിട ഉദ്ദേശമുള്ള കെട്ടിടങ്ങൾ, ഓല, റൂഫിങ് ഷീറ്റ് എന്നിവകൊണ്ട് മേൽക്കൂര മേഞ്ഞ ഒറ്റനില കെട്ടിടങ്ങൾ എന്നിവയെ ഈ മൂല്യനിർണയ സാക്ഷ്യപത്രത്തിൽ നിന്നും ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.

ആധുനിക സാങ്കേതികവിദ്യകളെ മനസ്സിലാക്കാനുള്ള പദ്ധതികൾക്കായി ഒരു കോടി രൂപയും ബജറ്റിൽ വകയിരുത്തി. ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ പിജി പൂർത്തിയാക്കുന്നവർക്ക് ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയിൽ പിഎച്ച്ഡി പഠനത്തിന് അവസരമൊരുക്കും. കേരള സ്‌പേസ് പാർക്കിന് 52.50 കോടി രൂപ നൽകുമെന്നും ധനമന്ത്രി അറിയിച്ചു.