ന്യൂഡൽഹി: ഡൽഹിയിൽ വ്യാപക പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കെജ്രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാർ, എഎപി രാജ്യസഭാ എംപി എൻ.ഡി. ഗുപ്ത, ഡൽഹി മുൻ ജൽ ബോർഡ് അംഗം ശലഭ് കുമാർ തുടങ്ങിയവരുടെ വസതികളിൽ ഉൾപ്പെടെ എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി. 12-ഓളം സ്ഥലങ്ങളിലാണ് എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നടപടി.
ബിജെപി തങ്ങളുടെ പാർട്ടിയെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ തങ്ങൾ പേടിക്കില്ലെന്നും ഡൽഹി മന്ത്രിയും എഎപി വക്താവുമായ അതിഷി അറിയിച്ചു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മദ്യ കുംഭകോണത്തിന്റെ പേരിൽ കഴിഞ്ഞ രണ്ട് വർഷമായി എഎപി നേതാക്കളെ ഭീഷണിപ്പെടുത്തികൊണ്ടിരിക്കുകയാണ്. ഒരാളുടെ വീട് റെയ്ഡ് ചെയ്യുന്നു, ഒരാൾക്ക് സമൻസ് ലഭിക്കുന്നു, ഒരാളെ അറസ്റ്റ് ചെയ്യുന്നു. രണ്ട് വർഷത്തിനിടെ നൂറുകണക്കിന് റെയ്ഡുകൾക്ക് നടത്തിയ ഇ.ഡിയ്ക്ക് ഒരു രൂപ പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യക്തമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല, തെളിവുകൾ ഹാജരാക്കണമെന്ന് കോടതിയും അവരോട് ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ഏജൻസികൾ വഴി തങ്ങളുടെ പാർട്ടിയെ തകർക്കാമെന്ന് ബിജെപി ആഗ്രഹിക്കുന്നുവെന്നും പക്ഷെ തങ്ങൾ പേടിക്കില്ലെന്നും അതിഷി കൂട്ടിച്ചേർത്തു.

