തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനം നടത്തി കേന്ദ്രമന്ത്രി വി മുരളീധരൻ. ഈ ദശകത്തിലെ വലിയ തമാശയാണ് ഈ ബജറ്റെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ വിഡ്ഢികളാക്കുന്ന കണക്ക് അവതരിപ്പിക്കാൻ നിൽക്കരുതെന്നും അദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബഡ്ജറ്റ് കണ്ടിട്ട് മലയാളി ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥയിലാണ്. കേന്ദ്രത്തിനെതിരെ സമരം ചെയ്യാനായി ഡൽഹിയിലേക്ക് പോകുന്ന എംഎൽഎമാരുടെ ആകെ ചിലവ് 50 ലക്ഷം രൂപ വരും. പെൻഷൻ പോലും കൊടുക്കാൻ കഴിയാത്ത സർക്കാർ ഇത് കൂടെ ബഡ്ജറ്റിൽ ഉൾപ്പെടുത്തണമായിരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനങ്ങൾ അവരുടെ വിഹിതം ചോദിച്ചാണ് ഡൽഹിയിൽ സമരം ചെയ്യുന്നത്. എന്നാൽ കേരളം മാത്രമാണ് കടം വാങ്ങാനായി സമരം ചെയ്യുന്നത്. സിപിഎമ്മും എൽഡിഎഫും പതിറ്റാണ്ടുകളായി എതിർത്ത് കൊണ്ടിരുന്ന വിദേശ മൂലധനത്തിന് പച്ചപരവതാനി വിരിച്ച് സ്വാഗതമോതുന്ന നയംമാറ്റമാണ് പുതിയ ബജറ്റിന്റെ മുഖമുദ്ര. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശനിക്ഷേപത്തിനെതിരെ വൻ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന കെ എൻ ബാലഗോപാൽ തന്നെ നയംമാറ്റം പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

