തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി സർക്കാരിന്റെ നയങ്ങൾ ന്യൂനപക്ഷങ്ങളേയും വനിതകളേയും ബാധിച്ചുവെന്ന് ഖാർഗെ വ്യക്തമാക്കി. തൃശ്ശൂരിൽ ബൂത്ത് പ്രസിഡന്റുമാരുടേയും വനിതാ നേതാക്കളുടേയും സമ്മേളനമായ ജനമഹാസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കേന്ദ്രസർക്കാർ ശ്രമിക്കുന്നത് ഫെഡറലിസത്തെ തകർക്കാനാണ്. സംസ്ഥാനങ്ങളെ ഞെരുക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്നു. മോദി സാഹോദര്യം, പരസ്പര വിശ്വാസം എന്നീ ആശയങ്ങളിൽ വിശ്വസിക്കുന്നില്ല. സ്വകാര്യമേഖലയെ മാത്രം മോദി സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. മറ്റ് മേഖലകളെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കുന്നു. ജാതിയുടേയും മതത്തിന്റേയും പേരിൽ വോട്ട് തേടിയെത്തുന്ന ബിജെപിയുടെ തന്ത്രങ്ങളെ തിരിച്ചറിയണമെന്നാണ് സഹോദരിമാരോട് പറയാനുള്ളതെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലും യുവാക്കൾക്കും എതിരായി അതിക്രമങ്ങൾ വർധിച്ചുവരുന്നു. കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർഥി സംഘടനയിൽനിന്നും ആളുകൾക്ക് നേരെ അതിക്രമം ഉണ്ടാവുന്നു. കേന്ദ്ര സർക്കാർ രാജ്യത്തെ എല്ലാ ജനാധിപത്യസ്ഥാപനങ്ങളേയും ദുർബലപ്പെടുത്തുന്നു. ഇഡിയേയും സിബിഐയേയും ആദായ നികുതി വകുപ്പിനേയും ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്നു. കേരളത്തിലെ ജനങ്ങൾ എല്ലാ കാലത്തും പാവപ്പെട്ട ജനങ്ങൾക്കും മൂല്യങ്ങൾക്കും ജനാധിപത്യത്തിനും ഭരണഘടനാ സംരക്ഷണത്തിനും വേണ്ടി നിലകൊണ്ടു. കേരളത്തിൽ ജയിച്ചാൽ ഇന്ത്യയിൽ തന്നെ ജയിക്കാൻ കഴിയുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

