ഝാർഖണ്ഡിൽ ഭൂരിപക്ഷം തെളിയിച്ച് ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യ സർക്കാർ

ന്യൂഡൽഹി: ഝാർഖണ്ഡിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ചംപയ് സോറന്റെ നേതൃത്വത്തിലുള്ള ജെ.എം.എം.-കോൺഗ്രസ്-ആർ.ജെ.ഡി സഖ്യ സർക്കാർ. 81 അംഗങ്ങളാണ് ഝാർഖണ്ഡ് നിയമസഭയിലുള്ളത്. 47 എംഎൽഎമാരുടെ പിന്തുണയോടെയാണ് ചംപയ് സോറൻ വിശ്വാസം നേടിയത്.

പ്രതിപക്ഷത്തിന് 29 എംഎൽഎമാരുടെ വോട്ടുകളും ലഭിച്ചു. ബിജെപി അട്ടിമറി ശ്രമങ്ങൾ നടത്തുന്നതായി ആരോപിച്ച് ഭരണകക്ഷി എംഎൽഎമാരെ ഹൈദരാബാദിലെ റിസോർട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രിയിലാണ് ഇവരെ റാഞ്ചിയിൽ എത്തിച്ചത്. ഭൂമി അഴിമതിക്കേസിൽ ഇഡി കസ്റ്റഡിയിലുള്ള മുൻമുഖ്യമന്ത്രി ഹേമന്ത് സോറനും കോടതി അനുമതിയോടെ വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ വേണ്ടി എത്തി. ബുധനാഴ്ച രാത്രിയാണ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഭൂമി അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ചംപയ് സോറനെ ഞാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.