വിദ്യാഭ്യാസ മേഖല; ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇവയെല്ലാം…

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയ്ക്ക് ഉണർവ് പകരുന്ന രീതിയിലുള്ള പ്രഖ്യാപനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സ്കൂളുകളുടെയും അധ്യാപകരുടെയും പ്രവർത്തന മികവ് വിലയിരുത്തുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി വ്യക്തമാക്കി.

ഒരു ജില്ലയിലെ ഒരു സ്കൂളിനെ മോഡൽ സ്കൂളായി ഉയർത്തും. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1032. 62 കോടി രൂപ ബജറ്റിൽ വകയിരുത്തി. സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ പത്തുകോടി രൂപ വകയിയുരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി വിശദമാക്കി.

എല്ലാ ജില്ലയിലും ഓരോ മോഡൽ സ്‌കൂൾ സജ്ജമാക്കും. സ്‌കൂളുകൾക്ക് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഗ്രേഡിങ് സമ്പ്രദായം കൊണ്ടുവരും. കൂടാതെ അധ്യാപകർക്ക് ആറുമാസത്തിലൊരിക്കൽ റസിഡൻഷ്യൽ പരിശീലനം നൽകും. ഡിഡി, ഡി ഇ ഒ, എ ഇ ഒ, അധ്യാപകർ തുടങ്ങിയവരുടെ പെർഫോമൻസ് വിലയിരുത്തുകയും ചെയ്യും. ആധുനിക സാങ്കേതികവിദ്യകളെ മനസ്സിലാക്കാനുള്ള പദ്ധതികൾക്കായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്‌കൂൾ സൗജന്യ യൂണിഫോം പദ്ധതിക്ക് 15.34 കോടി രൂപ വർദ്ധിപ്പിച്ച് 155.34 കോടി രൂപ ആക്കി മാറ്റി. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് സംരക്ഷണം നൽകുന്ന സ്ഥാപനങ്ങൾക്കുള്ള പുതിയ പദ്ധതിക്കായി 50 കോടി രൂപയും കൈറ്റിന്റെ പ്രവർത്തനങ്ങൾക്കായി 38.50 കോടി രൂപയും ഹയർസെക്കൻഡറി വിദ്യാഭ്യാസ മേഖലയ്ക്ക് 75.20 കോടി രൂപയുമാണ് ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖലയ്ക്ക് 13 കോടി രൂപ, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ, എസ് സി ഇ ആർ ടി യ്ക്ക് 21 കോടി രൂപ, എസ് എസ് കെയുടെ സംസ്ഥാന വിഹിതം 55 കോടി രൂപ, സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്നുള്ള പദ്ധതിക്ക് 340 കോടി രൂപ, തുടങ്ങിയവയാണ് പൊതുവിദ്യാഭ്യാസ മേഖലക്കായുളള മറ്റ് ബജറ്റ് പ്രഖ്യാപനങ്ങൾ.