തിരുവനന്തപുരം: അയോധ്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ വെള്ളത്തിന് തീപിടിപ്പിക്കുന്ന തരത്തിൽ പലരും സംസാരിക്കുമ്പോൾ ആ തീ കെടുത്താനാണ് സാദിഖലി തങ്ങൾ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഘർഷങ്ങൾ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നത്. എതിരാളികളുടെ ലക്ഷ്യം വിദ്വേഷത്തിന്റെ കാമ്പയിനാണ്. ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഇരുവശങ്ങളിലുമുള്ള തീവ്രവാദ സ്വഭാവമുള്ള ആളുകളിലേക്ക് വിഷയം എത്തിക്കാതിരിക്കാനുള്ള ശ്രമമാണ് ഞങ്ങൾ നടത്തുന്നത്. വെള്ളത്തിന് തീ പിടിപ്പിക്കാൻ തീവ്രവാദ സ്വഭാവമുള്ള ആളുകൾ ശ്രമിക്കുന്ന കാലത്ത് സമാധാനത്തിനുവേണ്ടി സംസാരിക്കുന്നതുതന്നെ വലിയ കാര്യമാണെന്ന് അദ്ദേഹം അറിയിച്ചു.
കോൺഗ്രസിനൊപ്പം ആത്മാർത്ഥമായി നിൽക്കുന്ന ഘടകകക്ഷിയാണ് ലീഗ്. യുഡിഎഫിന്റെ നട്ടെല്ലായി നിൽക്കുന്ന ലീഗുമായി ആലോചിച്ചാണ് എല്ലാം ചെയ്യുന്നത്. അവരുമായുള്ള സഹോദര ബന്ധത്തിന് ഒരു പോറൽ പോലും ഏൽക്കില്ല. മെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് സീറ്റ് എന്നത് ലീഗിന്റെ അർഹതപ്പെട്ട ആവശ്യമാണ്. അതിനെ ഒരിക്കലും കോൺഗ്രസ് ചോദ്യംചെയ്യില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ മുതിർന്ന സാഹിത്യകാരന്മാർ സാഹിത്യ അക്കാദമിക്കെതിരേ ഉയർന്ന ആരോപണം സർക്കാർ ഗൗരവത്തോടെ കാണണം. തങ്ങൾ എല്ലാവരും ബഹുമാനിക്കുന്ന സച്ചിദാനന്ദനാണ് അക്കാദമിയുടെ തലപ്പത്ത് ഇരിക്കുന്നത്. അദ്ദേഹമല്ല പ്രശ്‌നം. അക്കാദമിയെ സിപിഎം രാഷ്ട്രീയവത്ക്കരിച്ച് പാർട്ടി ഓഫീസ് പോലെ കൈകാര്യം ചെയ്യാൻ ശ്രമിച്ചു. സച്ചിദാനന്ദനെ ആലങ്കാരിക സ്ഥാനത്ത് ഇരുത്തി വേറെ ചില ആളുകൾ അക്കാദമിയെ രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിക്കുകയാണ്. ആ രാഷ്ട്രീയവത്ക്കരണത്തിന്റെ അനന്തരഫലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന വിഷയം. ഇത് സർക്കാർ തന്നെ പരിഹരിക്കണം. സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങളെ സ്വതന്ത്രമായി വിടണം. സർക്കാരും സിപിഎമ്മും എല്ലായിടത്തും കൈകടത്തുന്ന ഡീപ്പ് സ്റ്റേറ്റായി മാറിയിരിക്കുകയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

