തിരുവനന്തപുരം: അയോധ്യാ രാമക്ഷേത്രത്തിൽ സാദിഖലി തങ്ങൾ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സാദിഖലി തങ്ങളുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കെണിയിൽ വീഴേണ്ടതില്ല എന്നാണ് തങ്ങൾ പറഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിജെപി കലക്ക് ഉണ്ടാക്കാനാണ് നോക്കുന്നത്. ബാബരി തകർന്ന സമയത്ത് ശിഹാബ് തങ്ങൾ എടുത്ത നിലപാടാണ് ഇപ്പോൾ സാദിഖലി തങ്ങളും എടക്കുന്നത്. അന്ന് ശിഹാബ് തങ്ങൾക്ക് എതിരെ വിമർശനം ഉയർന്നിരുന്നു. പിന്നീട് അത് ശരിയാണെന്ന് തെളിഞ്ഞു. അതു പോലെയാണ് ഇപ്പോഴും. മൂന്നാം സീറ്റ് പാർട്ടി ചർച്ച ചെയ്‌തെന്നും ബജറ്റിനു ശേഷം ചർച്ച തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അയോധ്യയിലെ രാമക്ഷേത്രവും തകർക്കപ്പെട്ട പള്ളിക്ക് പകരം പണികഴിപ്പിക്കാനിരിക്കുന്ന ബാബരി മസ്ജിദും ഒരേപോലെ മതേതരത്വത്തിന്റെ പ്രതീകങ്ങളാണെന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ പരാമർശമാണ് വിവാദത്തിലായത്. ജനുവരി 24ന് തങ്ങൾ നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്. മഞ്ചേരിക്കടുത്ത് പുൽപറ്റയിലാണ് തങ്ങൾ വിവാദ പരാമർശം നടത്തിയത്.
രാമക്ഷേത്രം രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെ ആവശ്യമായിരുന്നുവെന്ന് സാദിഖലി തങ്ങൾ അറിയിച്ചു. അതിൽ നിന്ന് പുറകോട്ട് പോകാനാവില്ല. അതൊരു യാഥാർത്ഥ്യമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉള്ള നിർമ്മിതിയാണ് രാമക്ഷേത്രം. അങ്ങിനെ തന്നെയാണ് ബബരി മസ്ജിദും. രണ്ടും ഇന്ത്യയുടെ ഭാഗമാണ്. മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത് കർസേവകർ നടത്തുന്നതാണ്. തകർത്തതും അവരാണെന്ന് നമുക്കറിയാം. അതിൽ അക്കാലത്ത് നമുക്ക് പ്രതിഷേധം ഉണ്ടായിരുന്നു. അതിനെ സഹിഷ്ണുതയോടെ നേരിടാനും നമുക്ക് സാധിച്ചുവെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കിയിരുന്നു.

