തിരുവനന്തപുരം: കുറ്റകൃത്യങ്ങൾ നേരിടുന്നതിലും നീതി ഉറപ്പാക്കുന്നതിലും കേരളം ഏറെ മുന്നിലാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്റെയും പ്രോസിക്യൂഷൻ അക്കാദമിയുടെയും ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സർക്കാരിന്റെ ഉത്തരവാദിത്തങ്ങളിൽ ഏറ്റവും പ്രധാനമാണ് സമൂഹത്തിൽ ശാന്തിയും സമാധാനവും ഉറപ്പുവരുത്തുന്നതും പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതും. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിലും അതിജീവിതർക്ക് നീതി ഉറപ്പാക്കുന്നതിലും സംസ്ഥാനം ഏറെ മുന്നിലാണ്. അത്തരം കേസുകളിലെ കേരളത്തിന്റെ ശിക്ഷാനിരക്കും, വിചാരണ പൂർത്തീകരിക്കുന്നതിനുള്ള വേഗതയും എല്ലാം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. ഇത്തരം ചുമതലകൾ സർക്കാർ നിർവഹിക്കുന്നത് കുറ്റമറ്റ പൊലീസ്, പ്രോസിക്യൂഷൻ സംവിധാനങ്ങളിലൂടെയാണ്. കേരളത്തിലെ പ്രോസിക്യൂഷൻ സംവിധാനം മറ്റേത് ഇന്ത്യൻ സംസ്ഥാനത്തേക്കാളും ഏറെ മുന്നിലാണ്. പൊലീസും പ്രോസിക്യൂഷനും പല മേഖലകളിലും സഹകരിച്ചു പ്രവർത്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രോസിക്യൂഷൻ സംവിധാനം കേന്ദ്രീകൃത സംവിധാനമായി പ്രോസിക്യൂഷൻ ഡയറക്ടറേറ്റിനു കീഴിൽ പ്രവർത്തിക്കണം. അതിന് ആവശ്യമായ രീതിയിൽ പ്രോസിക്യൂഷൻ സംവിധാനത്തെ ക്രമീകരിക്കണം. ഇത് മുൻനിർത്തിയാണ് പ്രോസിക്യൂഷൻ ഡയറക്റ്ററേറ്റിനെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടത്.പ്രോസിക്യൂഷൻ അക്കാദമിയും നിയമ ഗവേഷണ കേന്ദ്രവും നിലവിൽ വരുന്നതോടെ ക്രിമിനൽ നീതിന്യായ സംവിധാനം കാലാകാലങ്ങളായി നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

