ഗുവാഹത്തി: സ്വാതന്ത്ര്യാനന്തരം അധികാരത്തിലിരുന്നവർക്ക് ആരാധനാലയങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവർ രാഷ്ട്രീയ കാരണങ്ങളാൽ സ്വന്തം സംസ്കാരത്തെക്കുറിച്ച് ലജ്ജിക്കുന്നവരായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ഗുവാഹത്തിയിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സ്വാതന്ത്ര്യാനന്തരം ദീർഘകാലം ഭരണം നടത്തിയവർക്ക് വിശ്വാസ കേന്ദ്രങ്ങളുടെ മൂല്യവും പ്രാധാന്യവും മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവർ അതിനെ അവഗണിച്ചു. രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി അവർ സ്വന്തം സംസ്കാരത്തെയും ഭൂതകാലത്തെയും കുറിച്ച് ലജ്ജിക്കുന്നവരായി. ഒരു രാജ്യത്തിനും ഭൂതകാലം മറന്നും വേരുകൾ മുറിച്ചും വികസിക്കാൻ കഴിയില്ല. എന്നാൽ കഴിഞ്ഞ 10 വർഷമായി സ്ഥിതി മാറിയെന്നും ബിജെപിയുടെ നേതൃത്വത്തിലുള്ള ‘ഇരട്ട എഞ്ചിൻ’ സർക്കാരിന്റെ നയം വികസനവും പൈതൃക സംരക്ഷണവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ന് അസമും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ദക്ഷിണേഷ്യയ്ക്ക് തുല്യമായി വികസിക്കുന്നത് കാണാൻ യുവാക്കൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്വപ്നമാണ് മോദിയുടെ പ്രതിജ്ഞ. നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ മോദി പ്രയത്നിക്കും. ഇതാണ് മോദിയുടെ ഗ്യാരന്റിയെന്നും അദ്ദേഹം അറിയിച്ചു.

