തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ ക്രിസ്മസ്- പുതുവത്സര വിരുന്നിന്റെ ചെലവ് കണക്കുകൾ പുറത്ത്. പതിനാറ് ലക്ഷം രൂപയാണ് ഭക്ഷണത്തിന് മാത്രം ചെലവായത്. ജനുവരി മൂന്നിനാണ് മുഖ്യമന്ത്രി ക്രിസ്മസ് പുതുവത്സര വിരുന്ന് സംഘടിപ്പിച്ചത്. മസ്‌കറ്റ് ഹോട്ടലിലാണ് പൗരപ്രമുഖർക്കായി മുഖ്യമന്ത്രി വിരുന്ന് നടത്തിയത്. 1.2 ലക്ഷം രൂപയാണ് ചടങ്ങിൽ വിളമ്പിയ കേക്കിന് മാത്രം ചെലവായത്.
10,725 രൂപയാണ് പരിപാടിക്കായുള്ള ക്ഷണക്കത്ത് തയ്യാറാക്കിയ വകയിൽ സർക്കാരിന് ചെലവായ തുക. ക്ഷണക്കത്ത് തയ്യാറാക്കാനുള്ള കരാർ നൽകിയത് ‘ദിസ് ആന്റ് ദാറ്റ്’ എന്ന പരസ്യ കമ്പനിക്കാണ്. ഈ മൂന്ന് തുകയും സർക്കാർ ഖജനാവിൽ നിന്ന് അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.
ഭക്ഷണത്തിന് മൊത്തം ചെലവായത് 16,08,195 രൂപയാണ്. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിന് സമീപമുള്ള ‘സ്‌ക്വയർ വൺ ഹോം മേയ്ഡ് ട്രീറ്റ്’സ് എന്ന സ്ഥാപനത്തിനാണ് 1.2 ലക്ഷം കേക്കിനായി അനുവദിച്ചത്. ഫെബ്രുവരി രണ്ടിന് പുറപ്പെടുവിച്ച ഉത്തരവിൽ ട്രഷറിയിലെ എന്റർടെയിൻമെന്റ് ആന്റ് ഹോസ്പിറ്റാലിറ്റി അക്കൗണ്ടിൽ നിന്ന് പണം അനുവദിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ വിരുന്നിൽ 570 പേർ പങ്കെടുത്തിരുന്നു. 9,24, 160 രൂപയായിരുന്നു അന്നത്തെ മൊത്തച്ചെലവ്.

