ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് നീതി ലഭിക്കണം എന്ന ആവശ്യമാണ് ഭാരത് ജോഡോ ന്യായ് യാത്ര മുന്നോട്ടുവെക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും വർധിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
40 വർഷത്തിനിടെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം ഇപ്പോൾ നേരിടുന്നതെന്നും നരേന്ദ്രമോദി സർക്കാരിന് കീഴിൽ ജോലി ലഭിക്കുക എന്നത് യുവാക്കൾക്ക് സ്വപ്നം മാത്രമാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി വെള്ളിയാഴ്ച ഝാർഖണ്ഡിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
ഝാർഖണ്ഡിൽ സർക്കാരിനെ ബിജെപിയിൽ നിന്ന് സംരക്ഷിച്ചത് ഇന്ത്യാ മുന്നണിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ മുഖ്യമന്ത്രി ചംപായ് സോറനെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് ചെറുകിട വ്യവസായത്തെ തകർക്കുന്ന സാമ്പത്തിക നയങ്ങളാണെന്ന് ചംപായ് സോറൻ പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികളും പണവും ഉപയോഗിച്ച് ജാർഖണ്ഡ് സർക്കാരിനെ വീഴ്ത്താനാണ് ബിജെപി ശ്രമിച്ചതെന്നും എന്നാൽ, രാഹുൽ ഗാന്ധിയോ താനോ കേന്ദ്രസർക്കാരിനെ ഭയപ്പെടുന്നില്ലെന്നും ചംപായ് സോറൻ കൂട്ടിച്ചേർത്തു.

