ന്യൂഡൽഹി: കൈലാസ പർവതത്തിന് മുകളിലൂടെ 38 ഇന്ത്യക്കാരുമായി ആദ്യ വിമാനം പറന്നുയർന്നു. നേപാൾഗുഞ്ചിൽ നിന്നാണ് വിമാനം പറന്നുയർന്നത്. കൈലാസ പർവതത്തിന്റെയും മാനസരോവർ തടാകത്തിന്റെയും ഏറ്റവും അടുത്തുനിന്നുള്ള ദൃശ്യങ്ങൾ യാത്രികർക്ക് കാണാൻ കഴിയുമെന്നതാണ് ഈ സർവ്വീസിന്റെ സവിശേഷത. കൈലാസ്- മാനസരോവർ ദർശൻ ഫ്ളൈറ്റ് എന്ന പേരിലാണ് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്.
കൈലാസത്തിന്റെ ദൃശ്യങ്ങൾ വിമാനയാത്രയക്കിടെ 27,000 അടി ഉയരത്തിൽ നിന്ന് യാത്രക്കാർക്ക് കാണാൻ കഴിയും. ഡൽഹിയിൽനിന്ന് 865 കിലോമീറ്റർ അകലെ, സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 6,690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്. ഹിന്ദുമത സങ്കൽപ പ്രകാരം ശിവന്റെ വാസസ്ഥാനമാണ് കൈലാസം. ബുദ്ധ, ജൈന മതക്കാർക്കും ഇവിടം ഏറെ പുണ്യകേന്ദ്രമാണ്. ആയിരക്കണക്കിന് തീർത്ഥാടകരാണ് ഇവിടേക്ക് തീർത്ഥാടനത്തിനായി എത്തുന്നത്.
കൈലാഷ്-മാനസസരോവർ യാത്രക്ക് അനുമതി നൽകുന്നത് സാധുവായ പാസ്‌പോർട്ടുള്ള ഇന്ത്യൻ തീർഥാടകർക്കാണ്. എന്നാൽ ഈ യാത്രയ്ക്ക് ഏറെ ചെലവുണ്ട്.

