തിരുവനന്തപുരം: റഷ്യയിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾ ഫോർട്ട്കൊച്ചി ബീച്ച് ശുചീകരിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ വിശദീകരണം തേടി ടൂറിസം വകുപ്പ്. റഷ്യൻ വിനോദസഞ്ചാരികൾ മാലിന്യങ്ങൾ ബീച്ചിൽ നിന്ന് വാരി ചാക്കുകളിൽ നിറയ്ക്കുന്ന വീഡിയോയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചാക്കുകെട്ടുകൾക്ക് മുകളിൽ പ്രദേശവാസികൾക്കായി ഒരു സന്ദേശവും സഞ്ചാരികൾ കുറിച്ചുവെച്ചിരുന്നു. ‘നിങ്ങളുടെ ജീവിതം ശുചീകരിക്കുക, മാലിന്യം ശേഖരിച്ച് കത്തിച്ചു കളയുകയോ, കുഴിച്ചു മൂടുകയോ ചെയ്യുക’ എന്നതായിരുന്നു ഈ സന്ദേശത്തിൽ പറഞ്ഞിരുന്നത്.
വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത് ഞായറാഴ്ചയായിരുന്നു. റഷ്യൻ സംഘം ബീച്ച് വൃത്തിയാക്കിയത് ഓൾ കേരള ടൂർ ഗൈഡ്സ് അസോസിയേഷൻ പ്രസിഡന്റ് സി സതീഷിന്റെ സാന്നിധ്യത്തിലാണ്. സംഭവത്തിന് പിന്നാലെ ജില്ലാ ഭരണകൂടത്തിനെതിരെയും കൊച്ചി കോർപ്പറേഷനെതിരെയും വലിയ വിമർശനമാണ് ഉയർന്നത്.
ഫോർട്ട് കൊച്ചി ബീച്ച് ശുചീകരിക്കാൻ നിയോഗിച്ചിരിക്കുന്നത് കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയെയാണ്. എന്നാൽ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നില്ലെന്നാണ് സഞ്ചാരികളുടെയും ടൂറിസം സംഘാടകരും ഉയർത്തുന്ന പരാതി. പദ്ധതികൾ കൊണ്ടുവരുന്നതല്ലാതെ ഇതിൽ തുടർപ്രവർത്തനങ്ങൾ ഉണ്ടാവുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.

