സൊമാലിയൻ കൊള്ളക്കാർ ബന്ദികളാക്കിയ 19 പാക് തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന

ന്യൂഡൽഹി: സൊമാലിയയുടെ കിഴക്കൻ തീരത്ത് കടൽക്കൊള്ളക്കാർ മത്സ്യബന്ധന ബോട്ട് തട്ടിയെടുത്ത് ബന്ദികളാക്കിയ 19 പാക് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവിക സേന. യുദ്ധക്കപ്പൽ ഐഎൻഎസ് സുമിത്രയിലെ സൈനികരാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

36 മണിക്കൂറിനുള്ളിൽ യുദ്ധക്കപ്പൽ നടത്തുന്ന രണ്ടാമത്തെ ആന്റി പൈറസി ഓപ്പറേഷനാണിത്. ഇന്ത്യൻ നാവികസേനയാണ് ഇക്കാര്യം അറിയിച്ചത്. ഇറാനിയൻ പതാക ഘടിപ്പിച്ച മത്സ്യബന്ധന കപ്പലായ എഫ്വി അൽ നഈമിയിലാണ് കടൽക്കൊള്ളക്കാർ കയറിയത്. 11 സായുധ കടൽക്കൊള്ളക്കാരാണ് കപ്പലിൽ കയറിയത്. തുടർന്ന് ഇവർ കപ്പലിലുണ്ടായിരുന്ന 19 പാക് പൗരന്മാരെ ബന്ദികളാക്കി. ഇന്ത്യൻ നാവികസേന കടൽക്കൊള്ളക്കാരെ കീഴടക്കി ബന്ദികളെ മോചിപ്പിക്കുകയായിരുന്നു.

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ മറ്റൊരു ഇറാനിയൻ പതാകയുള്ള മത്സ്യബന്ധന ബോട്ടായ എഫ് വി ഇമാനാണ് വിവരം ഐഎൻഎസ് സുമിത്രയെ അറിയിച്ചത്. കടൽക്കൊള്ളക്കാർ തട്ടിയെടുത്ത മത്സ്യബന്ധന ബോട്ടുകളെ മദർ ഷിപ്പുകളായി കൊള്ളക്കാർ ഉപയോഗിക്കുന്നത് തടയുമെന്ന് നാവിക സേന അറിയിച്ചു.