ലൈംഗിക പീഡനക്കേസ്; സർക്കാർ പ്ലീഡർ പിജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിലെ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പിജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. പത്തു ദിവസത്തിനുള്ളിൽ പിജി മനു കീഴടങ്ങണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. കീഴടങ്ങിയാൽ മനുവിനെ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി.

അതേ ദിവസം തന്നെ ജാമ്യപേക്ഷ പരിഗണിക്കാനും കോടതി നിർദ്ദേശിച്ചു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് പിജി മനു സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് അതിജീവിതയും സുപ്രീം കോടതിയിൽ തടസ്സഹർജി നൽകിയിരുന്നു. തന്റെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്നാവശ്യപ്പെട്ടാണ് അതിജീവിത ഹർജി നൽകിയത്.

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പിജി മനുവിനെതിരായ കേസ്. നേരത്തെ കേസിൽ കീഴടങ്ങാൻ പിജി മനുവിന് പത്തു ദിവസത്തെ സമയം ഹൈക്കോടതി അനുവദിച്ചിരുന്നു. സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും എന്നാൽ കേസ് ലിസ്റ്റ് ചെയ്യാത്തതിനാൽ കീഴടങ്ങാൻ കൂടുതൽ സമയം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഉപഹർജിയിലായിരുന്നു ഹൈക്കോടതി നേരത്തെ കീഴടങ്ങാൻ സമയം അനുവദിച്ചിരുന്നത്.

എന്നാൽ, ഇതിനിടെയാണ് സുപ്രീം കോടതിയിൽ ഹൈക്കോടതി ഉത്തരവിനെതിരെ ഹർജി നൽകിയത്. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് കോടതി പരിശോധിച്ചു. ഗുരുതര കുറ്റകൃത്യമാണ് പ്രതി നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.