ന്യൂഡൽഹി: പശ്ചിമ ബംഗാളിലും രാഹുൽ ഗാന്ധിക്ക് അനുമതിയില്ല. ജനുവരി 31 ന് മാൽദ ഗസ്റ്റ്ഹൗസിൽ ഉച്ചഭക്ഷണം കഴിക്കാൻ ജില്ലാ കോൺഗ്രസ് നൽകിയ അപേക്ഷ ബംഗാൾ സർക്കാർ തള്ളി. അതേദിവസം ബംഗാൾ മുഖ്യമന്ത്രി മാൽദയിൽ എത്താനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നടപടി.
അതേസമയം, ജനുവരി 22 ന് അസമിൽ ക്ഷേത്ര ദർശനത്തിന് എത്തിയ രാഹുൽഗാന്ധിയെ പൊലീസ് വഴിയിൽ തടഞ്ഞിരുന്നു. ക്ഷേത്രദർശനത്തിന് അനുമതിയില്ലെന്നും അന്നേ ദിവസം മൂന്ന് മണിക്ക് ശേഷമേ സന്ദർശനാനുമതി നൽകാനാകൂവെന്നുമായിരുന്നു പൊലീസ് വ്യക്തമാക്കിയത്.
തുടർന്ന് രാഹുലും കോൺഗ്രസ് നേതാക്കളും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. ജനുവരി 22ന് അസമിലെ ആത്മീയ ആചാര്യൻ ശ്രീശ്രീ ശങ്കർദേവിന്റെ ജന്മസ്ഥാനം സന്ദർശിക്കുമെന്ന് നേരത്തെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ക്ഷേത്ര സമിതിയോട് സന്ദർശനം സംബന്ധിച്ച് കോൺഗ്രസ് അനുമതി തേടുകയും ചെയ്തിരുന്നു.
പോലീസ് കടത്തി വിടാഞ്ഞതോടെ റോഡിൽ കുത്തിയിരുന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും പ്രതിഷേധിച്ചു. രാഹുലിന്റെ പ്രതിനിധിയായി ഗൗരവ് ഗോഗോയ് എംപിയും എംഎൽഎ സിബമോനി ബോറയുമാണ് ഒടുവിൽ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്.

