ഇടുക്കി: മാത്യു കുഴൽനാടനെതിരെ കേസെടുത്ത് റവന്യു വകുപ്പ്. ഭൂമികയ്യേറ്റത്തിനാണ് മാത്യു കുഴൽനാടനെതിരെ റവന്യു വകുപ്പ് കേസ് എടുത്തത്. ഹിയറിങ്ങിന് ഹാജരാകാൻ മാത്യു കുഴൽനാടന് റവന്യു വകുപ്പ് നോട്ടീസ് നൽകി. ആധാരത്തിലുള്ളതിനേക്കാൾ 50 സെന്റ് സർക്കാർ അധിക ഭൂമി കൈവശം വച്ചതിനാണ് ഭൂസംരക്ഷണ നിയമ പ്രകരം മാത്യു കുഴൽനാടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയാണ് മാത്യു കുഴൽനാടനെതിരെ പരാതി നൽകിയത്. ആധാരത്തിൽ വില കുറച്ചു കാണിച്ച് ഭൂമി രജിസ്‌ട്രേഷൻ നടത്തിയെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതി. ഇതോടെയാണ് ചിന്നക്കനാലിലെ ഭൂമി ഇടപാടിന്റെ കഥകൾ പുറത്തുവന്നത്. 2021 ലാണ് മൂന്ന് ആധാരങ്ങളിലായി ചിന്നക്കനാലിലെ ഒരേക്കർ ഇരുപത്തിമൂന്ന് സെന്റ് സ്ഥലവും കെട്ടിടങ്ങളും മാത്യു കുഴൽനാടന്റെയും രണ്ട് പത്തനംതിട്ട സ്വദേശികളുടെയും പേരിൽ വാങ്ങിയത്.
സർക്കാർ നിശ്ചയിച്ചിരിക്കുന്ന വിലയേക്കാൾ കൂടുതൽ കാണിച്ചുവെന്ന ന്യായീകരണത്തിലുടെ ഇത് മാത്യു കുഴൽനാടൻ പ്രതിരോധിച്ചു. മുഖ്യമന്ത്രിക്കെതിരെ നിലപാട് എടുത്തതിൻറെ പ്രതികാരമായുള്ള വേട്ടയാടലാണിതെന്നായിരുന്നു മാത്യു കുഴൽനാടൻ പറഞ്ഞത്.

