പത്മശ്രീ പുരസ്‌കാരം തനിക്ക് അർഹിക്കുന്നില്ല; താൻ വലിയ സംഭാവനകളൊന്നും നൽകിയിട്ടില്ലെന്ന് എം എൻ കാരശ്ശേരി

കോഴിക്കോട്: പത്മ പുരസ്‌കാര വിതരണങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പ്രസ്താവനയോട് പ്രതികരിച്ച് എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ എം എൻ കാരശ്ശേരി. ഇന്ത്യൻ സർക്കാർ പത്മശ്രീ നൽകി ആദരിക്കേണ്ട വ്യക്തിയല്ല താനെന്നും പത്മശ്രീ പുരസ്‌കാരം തനിക്ക് അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന് തന്നെപ്പറ്റി നല്ല അഭിപ്രായമുള്ളതെന്നറിഞ്ഞതിൽ സന്തോഷവും നന്ദിയുമുണ്ട്. വൈക്കം മുഹമ്മദ് ബീഷിറിനും എംടിക്കും ലീലാവതിക്കുമൊക്കെ ലഭിച്ച പുരസ്‌കാരമാണ് പത്മശ്രീ. അവരെപ്പോലെ കേരള സംസ്‌കാരത്തിനും ഇന്ത്യൻ ചരിത്രത്തിനും സംഭാവന നൽകിയിട്ടുള്ള വ്യക്തിയല്ല താനെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുരസ്‌കാരത്തെക്കുറിച്ച് ആലോചിച്ച് ഊർജമോ സമയമോ പാഴാക്കരുത്. അഞ്ച് തവണ നൊബേൽ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടും മഹാത്മാ ഗാന്ധിക്ക് ലഭിച്ചില്ല. രാജ്യത്തെ പ്രധാന പുരസ്‌കാരങ്ങളൊന്നും എഴുത്തുകാരൻ ബഷീറിന് ലഭിച്ചില്ല. അതിലൊന്നും വലിയ കാര്യമില്ല. വലിയ ആളുകളുടെ പേരിനൊപ്പം തന്റെ പേര് പരാമർശിച്ചതല്ല. ഇത്തരമൊരു ചർച്ച തന്നെ അനാവശ്യമാണെന്ന് കരുതുന്നയാളാണ് താനെന്നും അദ്ദേഹം അറിയിച്ചു.

പത്മ പുരസ്‌കാരത്തിൽ നിന്ന് അർഹരെ തഴഞ്ഞുവെന്നായിരുന്നു വി ഡി സതീശന്റെ വിമർശനം. മമ്മൂട്ടിക്കും ശ്രീകുമാരൻ തമ്പിക്കും പത്മ പുരസ്‌കാരം ഇല്ലാതെ പോയത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പുരസ്‌കാരം നൽകുന്നതിന് മാനദണ്ഡം എന്താണ്. 1998ൽ പദ്മശ്രീ കിട്ടിയ മമ്മൂട്ടി കാൽനൂറ്റാണ്ടിന് അപ്പുറവും അവിടെ തന്നെ. പുരസ്‌കാരം നൽകുന്നതിന് മാനദണ്ഡം എന്തെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.