തിരുവനന്തപുരം: അയോധ്യാക്കേസിൽ രാംലല്ലയ്ക്ക് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി.എസ് വൈദ്യനാഥനെ കേരള സർക്കാരിന് വേണ്ടി കെഎസ്‌ഐഡിസി ചുമതലപ്പെടുത്തിയത് എക്‌സാലോജിക് ഇടപാട് മുഖ്യമന്ത്രിക്ക് പേടി സ്വപ്നമായി മാറിയ പശ്ചാത്തലത്തിലാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗാഢബന്ധത്തിന്റെ ഒടുവിലത്തെ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു. രാംലല്ലയുടെ അഭിഭാഷകനും മാസപ്പടി കേസിലെ അഭിഭാഷകനും ഒന്നായത് യാദൃശ്ചികമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയും മകളും സുരക്ഷിതത്വം ഉറപ്പാക്കാൻ സംഘപരിവാർ കൂടാരത്തിലാണ് എത്തിയിരിക്കുന്നത്. രക്ഷപ്പെടാൻ ആരുമായും സമരസപ്പെടുന്ന അവസ്ഥയിലാണിപ്പോൾ കേരളത്തിന്റെ മുഖമന്ത്രി. സുപ്രീം കോടതിയിൽ കെഎസ്‌ഐഡിസിക്ക് സ്വന്തം സാന്റാന്റിംഗ് കൗൺസിൽ ഉള്ളപ്പോഴാണ് ശൂന്യമായ ഖജനാവിൽ നിന്ന് ക്ഷേമപെൻഷൻ പോലും നല്കാൻ പണമില്ലാത്തപ്പോൾ 25 ലക്ഷം രൂപ മുടക്കി ഈ അഭിഭാഷകനെ ഇറക്കുന്നത്. പൊതുതെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ ബിജെപി-സിപിഐഎം ബന്ധം ഊട്ടിയുറപ്പിക്കാൻ നേരിട്ടും ഇടനിലക്കാർ വഴിയും ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഗവർണ്ണർ തെരുവ് ഗുണ്ടയല്ലെന്ന് ആക്രോശിക്കുന്നതല്ലാതെ, ഗവർണ്ണറെ തിരിച്ച് വിളിക്കാൻ ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്കു പോകാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. പിണറായി വിജയൻ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ ഒരു കേന്ദ്രവിരുദ്ധ സമരം പോലും നടത്തിയിട്ടില്ല. യുപിഎ ഭരിക്കുമ്പോൾ ദിവസേനയെന്നപോലെ സമരം നടത്തിയവരാണ് ഇപ്പോൾ ചുരുണ്ടുകൂടി ഇരിക്കുന്നതെന്ന് കെ സുധാകരൻ അഭിപ്രായപ്പെട്ടു.
ഡൽഹിയിൽ നടത്തുമെന്ന് പറഞ്ഞ സമരത്തെ പൊതുസമ്മേളനമാക്കി മാറ്റിയ ഭീരുക്കളാണിവർ. പ്രധാനമന്ത്രി കേരളത്തിൽ പല തവണ എത്തിയപ്പോൾ ഒരു നിവേദനം പോലും നല്കാൻ ഇവർ തയാറായില്ല. പ്രധാനമന്ത്രിയുടെ പ്രീതിനേടാൻ പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് താനെന്ന കാര്യം സൗകര്യപൂർവം വിസ്മരിച്ചു. പ്രധാനമന്ത്രിയുടെ മുൻപിൽ നട്ടെല്ല് വളച്ച് ഭയഭക്തി ബഹുമാനത്തോടെ കൈകൂപ്പിയുള്ള ആ നിൽപ്പ് കേരളം ഉടനെയൊന്നും മറക്കില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വഴിനീളെ പിണറായി വിജയന്റെ പൊലീസ് തല്ലിച്ചതച്ചപ്പോൾ അത് ആസ്വദിക്കാൻ ഗവർണ്ണറും ഉണ്ടായിരുന്നു. മാനിഷാദാ എന്നൊരു വാക്ക് ഗവർണ്ണറും പറഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാരിന്റെ എല്ലാ അവിഹിത ശുപാർശകളും അംഗീകരിച്ച ഗവർണ്ണർക്ക് പിണറായി വിജയൻ ഖജനാവിൽ നിന്ന് പണമെറിഞ്ഞ് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി. ഗവർണ്ണറൊന്ന് കണ്ണുരുട്ടിയാൽ സംസ്ഥാന ഖജനാവിന് ലക്ഷങ്ങളാണ് നഷ്ടപ്പെടുന്നത്. ഗവർണ്ണർക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന കേസുകളിൽ ലക്ഷങ്ങളാണ് ചെലവഴിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

