വാഷിങ്ടൻ: വടക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്കു സമീപം യുഎസ് സൈനിക ക്യാംപിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നാണ് ബൈഡൻ ആരോപിച്ചു. ഡ്രോൺ ആക്രമണത്തിൽ 3 യുഎസ് സൈനികർ കൊല്ലപ്പെടുകയും നിരവധിപേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ഉത്തരവാദികളെ കണ്ടെത്തുമെന്നും ശക്തമായി തിരിച്ചടി നൽകുമെന്നുമാണ് ജോ ബൈഡൻ അറിയിച്ചത്.
വളരെ മോശമായ ദിവസമായിരുന്നു. തങ്ങളുടെ സൈനികത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്നു കരുത്തരായ സൈനികരെ തങ്ങൾക്കു നഷ്ടപ്പെട്ടു. തിരിച്ചടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സൗത്ത് കരോലിനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ബൈഡന്റെ പരാമർശം. അതേസമയം, ആക്രമണത്തിനു പിന്നാലെ റിപ്പബ്ലിക്കൻ സെനറ്റർമാർ ബൈഡൻ ഭരണകൂടത്തിന് നേരെ വിമർശനം ഉന്നയിച്ചു. ഇറാനെതിരെ ശക്തമായ സൈനിക തിരിച്ചടി നൽകണമെന്നാണ് സെനറ്റർമാർ ഉന്നയിച്ച ആവശ്യം.
അതേസമയം, തങ്ങളുടെ സൈനികരുടെയും രാജ്യത്തിന്റെയും താൽപ്പര്യം സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി. 34 സൈനികർക്കാണു യുഎസ് സൈനിക ക്യാംപിനുനേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റത്. സിറിയൻ അതിർത്തിയോടു ചേർന്നാണ് ആക്രമണം നടന്നത്.

