ഗവർണറുടെ സുരക്ഷ; സിആർപിഎഫിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് സംസ്ഥാനത്തിന് കൈമാറി

തിരുവനന്തപുരം: രാജ്ഭവന്റെയും ഗവർണറുടെയും സുരക്ഷയ്ക്കായി സിആർപിഎഫിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് സംസ്ഥാനത്തിന് കൈമാറി കേന്ദ്രസർക്കാർ. സിആർപിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷയാണ് ഗവർണർക്ക് ഒരുക്കുന്നത്. പോലീസും- സിആർപിഎഫും ഉൾപ്പെടുന്ന സംഘമായിരിക്കും രാജ്ഭവന്റെ സുരക്ഷയ്ക്ക് ഉണ്ടാകുന്നത്. പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിൽ നിന്നുള്ള 30 അംഗ സംഘമാണ് രാജ്ഭവന്റെ സുരക്ഷയ്ക്ക് എത്തുന്നത്.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നടത്തുന്ന തുടർ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവർണറുടെ സുരക്ഷ വർദ്ധിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ഏറ്റവും ഉയർന്ന രണ്ടാമത്തെ സുരക്ഷയായ ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവർണർക്ക് ഇനി മുതൽ നൽകുക. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ലഭിച്ചിരുന്നത്. എസ്പിജി സുരക്ഷയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന സുരക്ഷാ പരിരക്ഷയാണ് Z പ്ലസ്. സിആർപിഎഫ് കമാൻഡോകൾക്കൊപ്പം 55 സുരക്ഷ ഉദ്യോഗസ്ഥരും ഉൾപ്പെടും. ആഴ്ചയിലെ ഏഴ് ദിവസവും 24 മണിക്കൂറും ഇവർ ഗവർണർക്ക് സുരക്ഷയൊരുക്കും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ ദേശീയ സുരക്ഷാ ഗാർഡ് (NSG) കമാൻഡോകളുടെ അധിക പരിരക്ഷയും നൽകും. ഒരു ബുള്ളറ്റ് പ്രൂഫ് വാഹനവും മൂന്ന് ഷിഫ്റ്റുകളിലായി എസ്‌കോർട്ടും സുരക്ഷാ സംവിധാനത്തിൽ ഉൾപ്പെടും.