ഗതാഗതവകുപ്പിലെ പരിഷ്‌കരണങ്ങളിലെല്ലാം മാറ്റം; നടപടികളുമായി ഗണേഷ് കുമാർ

തിരുവനന്തപുരം: ബിജു പ്രഭാകറിനെ കെഎസ്ആർടിസി മേധാവി സ്ഥാനത്തു നിന്നു നീക്കിയേക്കുമെന്ന് റിപ്പോർട്ട്. തന്റെ നിലപാടുമായി ഒത്തുപോകുന്ന സിഎംഡിയെ വേണമെന്ന് മന്ത്രി ഗണേശ്കുമാർ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന വിവരമാണ് പുറത്തു വരുന്നത്. അതേസമയം, ബിജു പ്രഭാകറിനെ ഗതാഗത സെക്രട്ടറി സ്ഥാനത്ത് ഉടൻ നീക്കം ചെയ്യില്ലെന്നാണ് വിവരം. ഗണേശ്കുമാർ ചുമതലയേറ്റെടുത്തതിനു പിന്നാലെ നടത്തിയ ചർച്ചയിൽ കെഎസ്ആർടിസി എംഡി സ്ഥാനം ഒഴിയാൻ ബിജു പ്രഭാകർ സന്നദ്ധത അറിയിച്ചിരുന്നു.

ഏപ്രിൽ മാസം എം.ഡി സ്ഥാനം ജോയിന്റ് എംഡി പ്രമോജ് ശങ്കറിനു നൽകണമെന്നും താൻ ചെയർമാനായി തുടരാമെന്നുമാണ് ബിജു പ്രഭാകർ വ്യക്തമാക്കിയത്. കഴിഞ്ഞ ആഗസ്റ്റിൽ സിഎംഡി സ്ഥാനത്തു നിന്നു മാറാനുള്ള സന്നദ്ധത ബിജു പ്രഭാകർ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. അന്ന് മന്ത്രി ആന്റണി രാജുവാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്.

ആന്റണി രാജു നടപ്പിലാക്കിയ പരിഷ്‌കരണങ്ങളിലെല്ലാം മാറ്റം നിർദേശിച്ചിരിക്കുകയാണ് ഗണേശ്കുമാർ. ഇ ബസിന് പുറമെ, രണ്ടര വർഷത്തിനിടെ നടപ്പാക്കിയ ഷെഡ്യൂൾ, ഡ്യൂട്ടി, സ്പെയർവാങ്ങൽ, ഓൺലൈൻ പരിഷ്‌കരണങ്ങളിലെല്ലാം മാറ്റം നിർദേശിച്ചിട്ടുണ്ട്. ഇ ബസ് നഷ്ടമാണെന്ന് മന്ത്രി ഗണേശ്കുമാർ അറിയിച്ചിരുന്നു. എന്നാൽ, മന്ത്രിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന റിപ്പോർട്ടാണ് കെഎസ്ആർടിസിയുടേതായി പുറത്തുവന്നത്. ഇത് ഗണേശ്കുമാറിനെ ചൊടിപ്പിച്ചിരുന്നുവെന്ന റിപ്പോർട്ടും പുറത്തു വന്നിരുന്നു.