കേരളത്തില്‍ ജാതിസര്‍വേ ഇല്ലെന്ന സൂചന നല്‍കി ചീഫ്‌ സെക്രട്ടറി; സുപ്രീംകോടതിയിൽ സത്യവാങ്മൂലം

ന്യൂഡൽഹി: കേരളത്തിൽ ജാതി സർവേ ഇല്ലെന്ന സൂചന നൽകി സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്ത് ചീഫ് സെക്രട്ടറി ഡോ വി വേണു. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തേണ്ടത് കേന്ദ്രസർക്കാർ ആണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ കണ്ടെത്താൻ സഹായകരമല്ലെന്നും അദ്ദേഹം കോടതിയിൽ വിശദമാക്കി.

ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് നൽകിയ കോടതി അലക്ഷ്യ ഹർജിയിലാണ്. സംവരണപ്പട്ടിക പരിഷ്‌കരിക്കാനുള്ള സാമൂഹിക സാമ്പത്തിക സർവേ പൂർത്തിയാക്കാൻ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് സംഘടന വ്യക്തമാക്കിയത്. പ്രത്യേക ജാതി സർവേ സംസ്ഥാനം നടത്താത്തത് സംബന്ധിച്ച് ചീഫ് സെക്രട്ടറി വിശദീകരണം നൽകിയിരിക്കുന്നത് ഇതിന് നൽകിയ മറുപടിയിലാണ്.

കേരളത്തിലെ സാമൂഹിക, സാമ്പത്തിക സ്ഥിതി സംബന്ധിച്ച് 2011-ലെ സെൻസസിന്റെ ഭാഗമായി കേന്ദ്രം ഡാറ്റ ശേഖരിച്ചിരുന്നു. കേന്ദ്രം ഡാറ്റ ശേഖരിച്ച സാഹചര്യത്തിൽ പ്രത്യേകമായി സർവേ നടത്തേണ്ട എന്നായിരുന്നു കേരളത്തിന്റെ നിലപാട് എന്ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.