എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. ഗവർണറുടെ സുരക്ഷക്കായി കേന്ദ്ര സേന വന്നതിനെ പരിഹസിച്ചതിനാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. സിആർപിഎഫ് ആർഎസ്എസുകാർക്ക് സംരക്ഷണം നൽകാനെന്ന പരാമർശം ഖേദകരവും, വസ്തുതാ വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. സിആർപിഎഫ് രാജ്യത്തിന് അഭിമാനമാണ്. പിണറായിയുടെ വാർത്താ സമ്മേളനത്തിലെ പരാമർശം മലയാളിയെന്ന നിലയ്ക്ക് അപമാനകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പിണറായി ഏറെ മലയാളികളും ഭാഗമായ സിആർപിഎഫിന്റെ മനോവീര്യം തകർക്കുന്നു. മുഖ്യമന്ത്രി രാജ്യത്തോട് മാപ്പ് പറയണം. സർക്കാരിന്റെ പല ഇടപെടലുകൾക്കും ഗവർണർ തടസ്സമായി, അതാണ് സർക്കാരിന്റെ പ്രശ്‌നം. സംസ്ഥാന പോലീസിന് വീഴ്ച പറ്റിയതു കൊണ്ടാണ് ഗവർണറുടെ സുരക്ഷയ്ക്ക് കേന്ദ്രസേന വന്നത്. ഗവർണറുടെ റൂട്ട് ചോർച്ച അന്വേഷിക്കാത്തത് എന്തുകൊണ്ടാണ്. മാവോയിസ്റ്റുകളേയും തീവ്രവാദികളെയും നേരിടുന്ന സിആർപിഎഫിനെ ആർഎസ്എസുമായി കൂട്ടിക്കെട്ടിയത് ലജ്ജാകരമാണ്. മോദിയോടുള്ള അന്ധമായ എതിർപ്പ് കാരണം സേനയെ അപമാനിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗവർണർക്ക് തെരുവിൽ പ്രതിഷേധിക്കേണ്ട സാഹചര്യം ഉണ്ടാക്കിയതാണ് തെറ്റ്. ഗവർണറോടുള്ള അന്തമായ വിരോധംമൂലം പിണറായി വിജയൻ സിആർപിഎഫ് സേനയെ അധിക്ഷേപിക്കരുത്. സേന വരാനുണ്ടായ സാഹചര്യം പിണറായിക്ക് അറിയാത്തത് അല്ലെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

